print edition ഡൽഹി ചാവേര്‍ സ്ഫോടനം ; കസ്റ്റഡിയിലെടുത്ത 4 ഡോക്‌ടർമാരെ വിട്ടയച്ചു

ന്യൂഡൽഹി
ചാവേർ സ്‌ഫോടനത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്ത നാല് ഡോക്‌ടർമാരടക്കം അഞ്ചുപേരെ എൻഐഎ വിട്ടയച്ചു. ഹരിയാനയിലെ നൂഹിൽ നിന്നുള്ള ഡോക്‌ടർമാരായ റെഹാൻ, മുഹമ്മദ്, മുസ്‌താകീം, പഞ്ചാബ് പത്താൻകോട്ട് സ്വദേശിയായ സർജൻ, ഹരിയാനയിൽനിന്നുള്ള വളം വിൽപനക്കാരൻ ദിനേശ് എന്നിവരെയാണ് വിട്ടയച്ചത്. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോക്‌ടർമാർക്ക് ചാവേറായ ഉമറിന്റെ ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്ന് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച ഡൽഹി, ജമ്മു കശ്‌മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ഹരിയാനയിലെ നൂഹിൽ ഒരു വാടക വീട്ടിലാണ് ഉമർ സ്‌ഫോടനത്തിന് മുൻപുള്ള 10 ദിവസം താമസിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, സ്‌ഫോടനമുണ്ടായ ചെങ്കോട്ട പരിസരത്തുനിന്ന് പൊലീസ് മൂന്ന് വെടിയുണ്ട കണ്ടെടുത്തു.
ഉമറിന്റെ സഹായി പിടിയില്‍
ഡല്‍ഹിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ഡോ.ഉമർ നബിയുടെ സഹായി എന്ന് സംശയിക്കുന്ന കശ്‌മീർ സ്വദേശിയായ അമീർ റഷീദ് അലിയെ എൻഐഎ ഞായറാഴ്‌ച കശ്‌മീർ സ്വദേശിയായ അമീർ റഷീദ് അലിയെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നായിരുന്നു അറസ്റ്റ്. പൊട്ടിത്തെറിച്ച കാർ അമീറിന്റെ പേരിലാണ് എന്ന് റിപ്പോർട്ടുണ്ട്.അതിനിടെ ഹരിയാന സ്വദേശിയായ ഡോക്‌ടർ പ്രിയങ്ക ശർമയെ ജമ്മു കശ്‌മീരിലെ അനന്ത്‌നാഗിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ടത്തിൽ ഡോ. അദീൽ റാത്തറെ അറസ്റ്റുചെയ്തതുമുതല്‍ പ്രിയങ്ക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്‌മീർ മെഡിക്കൽ കോളേജിൽ നിന്ന് ഒരു എംബിബിഎസ് വിദ്യാർഥികൂടി കസ്റ്റഡിയിലായിട്ടുണ്ട്.
ഡൽഹിയിൽ 34 വാഹനം പിടിച്ചെടുത്തു
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ സെൻട്രൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന തുടരുന്നു. സെൻട്രൽ ഡൽഹിയിൽ ആളില്ലാതെ പാർക്ക് ചെയ്‌ത 34 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 417 വാഹങ്ങൾക്ക് പിഴയിട്ടു. തിരക്കേറിയ മാർക്കറ്റുകളിലടക്കം സായുധ പൊലീസിനെ വിന്യസിച്ചു.
സംശയം തോന്നുന്നവരെ കസ്‌റ്റിഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കച്ചവട സ്ഥാപനങ്ങൾ, റഡിഡന്റ്‌സ് അസോസിയേഷൻ എന്നിവയുമായും പൊലീസ് ബന്ധപ്പെടുന്നു. മിന്നൽ പരിശോധനകളടക്കം നടത്തുന്നുണ്ടെന്നും ഏകോപന യോഗങ്ങൾ തുടർച്ചയായി ചേരുന്നുണ്ടെന്നും ജോയിന്റ് കമീഷണർ (സെൻട്രൽ റേഞ്ച്) മധുർ വർമ പറഞ്ഞു.











0 comments