യുവാക്കൾക്കും വിദ്യാർഥികൾക്കും ഐക്യദാർഢ്യവുമായി പ്രതിപക്ഷ എംപിമാർ; ഗാന്ധി സ്മൃതിയിലേക്ക് മാർച്ച്

ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് പ്രക്ഷോഭം കത്തിപ്പടരവെ കേന്ദ്ര സർക്കാരിൻറെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിനൊപ്പം കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കിയ വിദ്യാർഥി വിരുദ്ധ- ജനവിരുദ്ധ നയങ്ങളെ ആകെ ചോദ്യംചെയ്തുള്ള മുദ്രാവാക്യങ്ങൾ പ്രക്ഷോഭത്തിൽ മുഴങ്ങി. ആറ് മണിക്ക് ശേഷം കടകൾ തുറക്കാൻ പാടില്ല, ഇന്റർനെറ്റി സൗകര്യം ഇല്ല, സർവ ഇടങ്ങളിലും ബാരിക്കേഡുകൾ വച്ച് പ്രതിരോധം തുടങ്ങി, സമരത്തെ ചവിട്ടിയരക്കാൻ കഴിയാവുന്ന എല്ലാ മാർഗങ്ങളും നോക്കുമ്പോഴാണ് യുവാക്കളുടെ സമരത്തിന് ശക്തമായ പിന്തുണ നൽകി മിന്നൽ പ്രതിഷേധമായി എംപിമാർ എത്തിയത്. ഗാന്ധി സ്മൃതിയിലെത്തി ജനഗണമന പാടിക്കൊണ്ടായിരുന്നു സമരത്തിന് തുടക്കമായത്. ശക്തമായ പ്രതിരോധത്തെ ഇല്ലാതാക്കി എംപിമാരുടെ മാർച്ച് മുന്നോട്ടുനീങ്ങി
എംപിമാർ എത്തിയതോടെ നിരവധി പ്രവർത്തകരും ഒപ്പം കൂടി. ബാരിക്കേഡ് വച്ച് തടുക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും ജനകീയ ശക്തിക്ക് മുന്നിൽ പ്രതിരോധം മറിഞ്ഞുവീഴുകയായിരുന്നു. വലിയ പൊലീസ് സന്നാഹമാണ് പ്രതിഷേധ സ്ഥലത്ത് എത്തിയിരിക്കുന്നത്. തീസ് ജനുവരി റോഡിന് സമീപം സംഘർഷ അന്തരീക്ഷവുമുണ്ടായിരുന്നു. ബസ് കുറുകെയിട്ട് പ്രതിപക്ഷത്തിൻ്റെ മാർച്ച് തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
എംപിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി,ജോൺ ബ്രിട്ടാസ്, എ.എ. റഹീം, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഗാന്ധിജിയുടെ സ്മൃതി കുടീരത്തിന് മുൻപിൽ പ്രാർഥിച്ചും മെഴുകുതിരികൾ കത്തിച്ചുമാണ് നേതാക്കൾ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ എം. ലിജു, അബിൻ വർക്കി എന്നിവരും പ്രതിഷേധത്തിൻറെ ഭാഗമായി.
ഇന്ന് വൈകുന്നേരം രാഹുലിന്റെ വസതിയിൽ പ്രതിപക്ഷ എംപിമാരുടെ യോഗം നടന്നിരുന്നു. യോഗം അവസാനിച്ചതിന് പിന്നാലെ തങ്ങൾ ഗാന്ധിസ്മൃതിയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിക്കുകായിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാർത്ഥികളുടെ ജീവഹാനിക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ ബിർള ഹൗസിൽ പ്രതിഷേധവുമായെത്തിയത്.
രാവിനെ പകലാക്കി, ലാത്തിയടിയിൽ മുറിവേറ്റ ശരീരവുമായി പിടയുമ്പോഴും കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നടപടികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് സമരക്കാർ. രാജ്യമാകെയും ലോകത്തെ വിവിധ രാജ്യങ്ങളിലും നിന്നുള്ള പിന്തുണയാണ് സമരത്തിന് ദിവസേന കിട്ടിക്കൊണ്ടിരിക്കുന്നത് . അംബേദ്കർ ചിത്രവുമായി ജനാധിപത്യത്തിന്റെ സംരക്ഷകരായി ജന്തർ മന്തറിൽ പതിനായിരങ്ങൾ സഹന സമരത്തിലേർപ്പെടുമ്പോൾ സിനിമ -കായികം എന്നുതുടങ്ങി മുഴുവൻ രംഗത്തു നിന്നും സമരത്തിനുള്ള പിന്തുണ ദിനം തോറും ഏറുകയാണ്.










0 comments