Deshabhimani

print edition ഗ്യാനേഷ്‌ കുമാറിനെ നീക്കണം; ആളിക്കത്തി പ്രതിഷേധം

delhi police action against mps
വെബ് ഡെസ്ക്

Published on Sep 26, 2026, 01:30 AM | 2 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും തകർത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ രാജ്യവ്യാപക പ്രതിഷേധം. അശോകാറോഡിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവചൻ സദനിന്‌ മുന്നിലും ജന്തർമന്തറിലും പ്രതിപക്ഷപാർടികളുടെയും വിദ്യാർഥിസംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. ഗ്യാനേഷ്‌ കുമാറിന്റെ മുഖംമൂടികൾ ധരിച്ചവരെ വിലങ്ങ്‌ വെച്ച്‌ കൊണ്ടുപോകുന്ന രംഗങ്ങൾ അവതരിപ്പിച്ചും ‘ഗ്യാനേഷ്‌ ഹട്ടാവോ, ചുനാവ്‌ ആയോഗ്‌ ബച്ചാവോ’ (ഗ്യാനേഷിനെ നീക്കൂ; തെരഞ്ഞെടുപ്പ്‌ കമീഷനെ രക്ഷിക്കൂ) എന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. ബാരിക്കേഡുകൾ നിരത്തിയും ജലപീരങ്കി അടിച്ചും ബലം പ്രയോഗിച്ചും ഡൽഹി പൊലീസും സിഎഎസ്‌എഫും റാപിഡ്‌ ആക്ഷൻ ഫോഴ്‌സും (ആർഎഎ-ഫ്‌) പ്രതിഷേധക്കാരെ നേരിട്ടു.


എംപിമാരായ എ എ റഹീമിനെയും വി ശിവദാസനെയും പൊലീസ്‌ വാഹനത്തിലേക്ക്‌ വലിച്ചിഴച്ചു. യൂണിഫോമിടാത്ത പൊലീസുകാരുടെ അമിത ബലപ്രയോഗത്തിന്‌ എതിരെ എംപിമാർ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ്‌ സംവിധാനം അട്ടിമറിച്ച ഗ്യാനേഷ്‌ കുമാറിനെ അറസ്‌റ്റ്‌ ചെയ്യാതെ സമാധാനപൂർവ്വം പ്രതിഷേധിച്ചവരെ അടിച്ചമർത്തുകയാണെന്ന്‌ എംപിമാർ പ്രതികരിച്ചു. പട്ടേൽച‍ൗക്ക്‌ മെട്രോ സ്‌റ്റേഷനിൽ നിന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ച്‌ പകുതിവഴിക്ക്‌ തടഞ്ഞായിരുന്നു പൊലീസ്‌ അതിക്രമം.


എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, നേതാക്കളായ എം എൽ അഭിജിത്‌, സൂരജ്‌ ഇളമൺ, മെഹിനാഫാത്തിമ, അനിൽ സേതുമാധവൻ തുടങ്ങിയവരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. വനിതാപ്രവർത്തകർക്ക്‌ നേരെയും പൊലീസിന്റെ ഭാഗത്ത്‌ നിന്നും വലിയ അതിക്രമങ്ങളുണ്ടായി. കസ്‌റ്റഡിയിൽ എടുത്ത എംപിമാർക്കും നേതാക്കൾക്കും വെള്ളം പോലും കൊടുക്കാതെ ദീർഘനേരം നഗരപ്രദക്ഷിണം നടത്തിയ ശേഷമാണ്‌ മോത്തിനഗർ, ദ്വാരക, ദില്ലി കാന്റ്‌ സ്‌റ്റേഷനുകളിൽ എത്തിച്ചത്‌. റെയ്‌സിനാ റോഡിൽ അഖിലേന്ത്യായൂത്ത്‌ കോൺഗ്രസ്‌ ഓഫീസിന്‌ മുന്നിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരും പ്രതിഷേധിച്ചു. ജന്തർമന്തറിൽ സിപിഐ എം എൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌, ഐസ പ്രസിഡന്റ്‌ നേഹാബോറ എന്നിവരെയും കസ്‌റ്റഡിയിലെടുത്തു. അഡ്വ. പ്രശാന്ത്‌ഭൂഷൺ, ആർജെഡി എംപി മനോജ്‌ത്സാ, സാമൂഹ്യപ്രവർത്തകരായ അഞ്‌ജലി ഭരദ്വാജ്‌, സുനിതാ നരേയ്‌ൻ തുടങ്ങിയവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തു.


തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പട്ടേൽച‍ൗക്ക്‌, ജന്തർമന്തർ, പട്ടേൽച‍ൗക്ക്‌ മെട്രോസ്‌റ്റേഷൻ മേഖലകളിൽ മണിക്കൂറുകളോളം സംഘർഷം നിലനിന്നു.

പട്ടേൽച‍ൗക്കിലേക്കും ജന്തർമന്തറിലേക്കുമുള്ള എല്ലാ റോഡുകളും അടച്ചത്‌ ജനങ്ങളെ വലച്ചു. പട്ടേൽച‍ൗക്കിലേക്കും ജന്തർമന്തറിലേക്കും കൂടുതൽ ആളുകൾ എത്താതിരിക്കാനായിരുന്നു പൊലീസിന്റെ മുൻകരുതൽ. ധർമേന്ദ്രപ്രധാന്റെ രാജിയിൽ കലാശിച്ച യുവജനപ്രക്ഷോഭത്തിന്‌ സമാനമായ അവസ്ഥയുണ്ടാക്കരുതെന്ന്‌ കേന്ദ്രസർക്കാർ ഡൽഹി പൊലീസിന്‌ കർശന നിർദേശം നൽകിയിരുന്നു. ബിഹാർ, അസം, പശ്‌ചിമബംഗാൾ, പഞ്ചാബ്‌, ജമ്മുകശ്‌മീർ, മണിപ്പുർ, ഉത്തരാഖണ്ഡ്‌, ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷപാർടികൾ തെരുവിലിറങ്ങി.

Highlights: റഹീമിനെയും ശിവദാസനെയും വലിച്ചിഴച്ച്‌ ഡൽഹി പൊലീസ്‌

പ്രതിഷേധക്കാർക്ക്‌ നേരെ പൊലീസ്‌ അതിക്രമം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home