രാജ്യതലസ്ഥാനം അടച്ചുപൂട്ടി; കടുത്ത നിയന്ത്രണം: പ്രതിഷേധം അടിച്ചമർത്താൻ നീക്കം
ഫോട്ടോ/ വീഡിയോ: പി വി സുജിത്ത്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് പിന്നാലെ ഡൽഹിയിലേക്കുള്ള വഴികൾ കൊട്ടിയടച്ച് കേന്ദ്രം. കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. ജൻപഥിൽ നിന്നും ജന്തർ മന്തറിലേക്ക് പോകാനുള്ള റോഡുകൾ അടച്ചുപൂട്ടി. രണ്ട് വരി ബാരിക്കേഡുകൾ വച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
ആളുകളെ നിരീക്ഷിക്കാനും ജന്തർ മന്തറിലേക്കുള്ള പ്രതിഷേധക്കാരുടെ പ്രവേശനം തടയാനും ആയിരത്തോളം പൊലീസുകാരെയുമാണ് ജൻപഥിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. വിദ്യാർഥികളെയും പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്ത് നീക്കാനായി നൂറുകണക്കിന് ബസുകളാണ് പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നത്.
അതേസമയം, അനുമതി നിഷേധിച്ചെങ്കിലും ഒക്ടോബർ 10 പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ സഖ്യം അറിയിച്ചു. എന്നാൽ ഡൽഹിയിലേക്ക് ശനിയാഴ്ചയെത്തുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ് കേന്ദ്രം. കൂടാതെ പ്രധാനപ്പെട്ട 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ ആളുകളെത്തുന്നത് തടയാനും പ്രക്ഷോഭം അടിച്ചമർത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി നേരത്തെ തന്നെ ജനങ്ങൾ ഡൽഹിയിലേക്കെത്തുന്നുണ്ട്.









0 comments