print edition ബംഗ്ലാദേശികളടക്കം 8 പേര്‍ പിടിയിൽ

ചെന്നൈ
പാക് ചാര സംഘടന ഐഎസ്ഐയുമായും ഭീകര സംഘടന ലഷ്‍കര്‍ ഇ തായ്‍ബയുമായും ബംഗ്ലാദേശിലെ ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് പേരെ ഡൽഹി പൊലീസ് സ്‍പെഷൽ സെൽ നേതൃത്വത്തിൽ തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്‍തു. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഈ സംഘത്തിൽ ബംഗ്ലാദേശികളുണ്ടെന്നും തിരിച്ചറിയൽ രേഖയ്‍ക്കായി വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയെന്നും പൊലീസ് പറയുന്നു.
തമിഴ്നാട് തിരുപ്പുരിലെ വിവിധയിടങ്ങളിലെ വസ്ത്ര നിർമാണ ശാലകളിൽ ജോലി ചെയ്യുന്ന ആറു പേരെയും മറ്റ് രണ്ടുപേരെ പശ്ചിംബഗാളിൽനിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്ന് നിരവധി മൊബൈൽ ഫോണും 16 സിം കാര്‍ഡും കണ്ടെത്തി. പത്ത് ദിവസം മുമ്പ് മെട്രോ സ്റ്റേഷനിലടക്കം ഡൽഹി, കൊല്‍ക്കത്ത നഗരങ്ങളിലെ വിവിധയിടങ്ങളിലും കശ്‍മീര്‍ സ്വതന്ത്രമാക്കുക, കശ്‍മീരിലെ വംശഹത്യ അവസാനിപ്പിക്കുക എന്നീ പോസ്റ്ററുകള്‍ ഒട്ടിച്ചത് ഈ സംഘമാണെന്ന് പൊലീസ് പറയുന്നു. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.
ലഷ്‍കര്‍ ഇ തായ്‍ബ ഡൽഹി ചെങ്കോട്ടയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള ഇന്റലിജൻസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.










0 comments