വിഷവായുവിനെ അതിജീവിച്ച് ഡൽഹി; ഇൻഹേലർ മുതൽ എയർ പ്യൂരിഫയർ വരെ, ശ്വാസം മുട്ടി ജനജീവിതം

ന്യൂഡൽഹി: ഡൽഹിയിലെ വിഷലിപ്തമായ വായുവിനെ അതിജീവിക്കാൻ ഇൻഹേലറുകളും എയർ പ്യൂരിഫയറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളെ ആശ്രയിച്ച് ജനങ്ങൾ. ഡൽഹി-എൻ.സി.ആർ. മേഖലയിലെ നാലിൽ മൂന്ന് വീടുകളിലും മലിനീകരണം കാരണം ആളുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ദീപാവലി രാത്രിക്ക് ശേഷമാണ് ഡൽഹിയിലെ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയിലെത്തിയത്. പി.എം. 2.5 സാന്ദ്രത 488 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററായി ഉയർന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ ശുപാർശിത അളവിനേക്കാൾ 24 ഇരട്ടി അധികമാണ്. നിരന്തരമായ അസ്മയും സൈനസൈറ്റിസും നേരിടുന്നവരും അധികമാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും (20-25% വർദ്ധനവ്) ചർമ്മരോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം വർധിച്ചതായി ഡോക്ടർമാർ പറയുന്നു. അത്യാവശ്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും, പുറത്തുപോകുമ്പോൾ മാസ്കും സംരക്ഷണ കണ്ണടകളും ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.
വായുമലിനീകരണത്തിൽ നിന്ന് രക്ഷ നേടാൻ ജനങ്ങൾ വീടുകളിലും എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയാണ്. മലിനീകരണം കാരണം കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് ആളുകൾ കുറച്ചു. 44% വീടുകൾ പുറത്തുള്ള സഞ്ചാരം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും കൂടുതലായി കഴിക്കുകയും ചെയ്യുകയാണ്.
സർവ്വേ പ്രകാരം 75% വീടുകളിലും വിഷവായുവിൻ്റെ ആഘാതം അനുഭവപ്പെടുന്നുണ്ട്. 42% വീടുകളിലും തൊണ്ടവേദന, ചുമ എന്നിവ റിപ്പോർട്ട് ചെയ്തു. 25% പേർ കണ്ണിൽ പുകച്ചിൽ, തലവേദന, ഉറക്കമില്ലായ്മ എന്നിവ അനുഭവിക്കുന്നുമുണ്ട്.










0 comments