ഡൽഹിയിൽ മുസ്ലീം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കാൻ ശ്രമം; ബിജെപിക്കെതിരെ പരാതി

വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നവരിൽ ഉൾപ്പെട്ട മുഹമ്മദ് ഹുസേഫ തന്റെ തിരിച്ചറിയൽ രേഖയുമായി | Photo Credit : The Hindu
ന്യൂഡൽഹി : എസ്ഐആറിൻറെ ഭാഗമായി ഡൽഹിയിൽ വോട്ടർപ്പട്ടികയിൽ നിന്ന് മുസ്ലീം വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി ബൂത്ത് ഏജന്റുമാർ ഡിലീഷൻ ഫോം നൽകിയതായി പരാതി. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലെ ദയാൽപൂർ പരിസരത്ത് രണ്ട് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന സാജിദ് ഹുസൈനിനാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഫോം നൽകിയത്.
ഡൽഹിയിലെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ മകന്റെയും ഭാര്യയുടെയും പേരുകൾ നീക്കം ചെയ്യുന്നതിനായി ഫോം 7 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ബിജെപി ബൂത്ത് ഏജന്റ് അറിയിച്ചതിനെ തുടർന്ന് ഞെട്ടലിലാണ് കുടുംബം. തന്റെ മകൻ അസദ് റാസ സൈദിക്കും ഭാര്യ അഫ്സാന ഖാത്തൂണിനുമെതിരെ വോട്ടർപ്പട്ടികയിൽ ഇടമില്ലെന്ന് ചൂണ്ടിക്കാട്ടി ഫോം 7 നൽകിയ വ്യക്തിയുടെ പേര് താൻ ഒരിക്കലും കേട്ടിട്ടില്ലെന്നും ഹുസൈൻ പറഞ്ഞു. ഈ പ്രദേശത്തെ 28 പേരെയാണ് ഇത്തരത്തിൽ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം, ബിജെപി നിയമിച്ച ബൂത്ത് ലെവൽ ഏജന്റ് ചന്ദ്ര ശേഖർ നൈൻവാളാണ് ഈ അപേക്ഷകൾ സമർപ്പിച്ചത്. ഇതു സംബന്ധിച്ച യാതൊരു നോട്ടീസും വോട്ടർമാർക്ക് ലഭിച്ചിട്ടുമില്ല.
വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കംചെയ്ത 28 പേരുടെയും മേൽവിലാസം കൃത്യമാണ്. ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നു. എന്നാൽ ഈ 28 പേർക്കും നിലവിലെ ബൂത്ത് ലെവൽ ഏജന്റിന്റെ പേര് പോലും അറിയില്ല. മുസ്തഫാബാദ് നിയോജകമണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും സമാനമായ രീതിയിൽ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. മുസ്തഫാബാദ് നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഫോം 7 അപേക്ഷകൾ ലഭിച്ചത്.
ഒരു വ്യക്തിഗത വോട്ടർക്ക് ഓൺലൈനായും ഓഫ്‌ലൈനായും ഫയൽ ചെയ്യാൻ കഴിയുന്ന ഫോമുകളുടെ പരിധി 10 എണ്ണമായി തെരഞ്ഞെടുപ്പ് കമീഷൻ നിർബന്ധമാക്കിയിട്ടും, ഇതുവരെ 30ലധികം ഫോം 7ഉം ഒമ്പത് 25ലധികം അപേക്ഷകളും ഫയൽ ചെയ്തിട്ടുണ്ട്. ഒരു ദിവസം 10 ഫോമുകളിലധികം സമർപ്പിക്കാൻ ബിഎൽഎയെ അനുവദിക്കുന്നുണ്ടെങ്കിലും, അപേക്ഷകളുടെ ലിസ്റ്റ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, വോട്ടർമാരുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പിച്ച് വേണം ഫോമുകൾ നൽകാൻ.








0 comments