Deshabhimani

വാരണാസിയിലും നാഗ്പൂരും നേരിട്ട അതേ തിരിച്ചടി

ബിഹാര്‍ എംഎൽസി തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി; ദ‍ർഭംഗ സീറ്റിൽ അട്ടിമറി

patna
വെബ് ഡെസ്ക്

Published on Oct 30, 2026, 11:58 AM | 2 min read

പട്ന: ബിഹാര്‍ ലെജിസ്ളേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപി കോട്ടയിൽ വിള്ളൽ. ദർഭംഗ ഗ്രാജ്വേറ്റ്സ് മണ്ഡലം ബിജെപിയിൽനിന്ന് ആർജെഡി പിടിച്ചെടുത്തു. പട്നയിലും സമാനമായ തിരിച്ചടി നേരിട്ടു. ഉത്തര്‍ പ്രദേശിലെ വാരണാസിയിലും മഹാരാഷ്ട്രയിലെ നാഗ്പൂരിലും സംഭവിച്ചതിന് സമാനമായ തിരിച്ചടിയാണ് ബിഹാറിലും ഉണ്ടായിരിക്കുന്നത്. ബിജെപി ഉറപ്പിച്ച സീറ്റാണ് കൈ മോശം വന്നത്. പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ ആധിപത്യം നിലനിര്‍ത്തി വരുന്ന മണ്ഡലമാണ് ദര്‍ഭംഗ.


പട്ന ടീച്ചേഴ്സ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ബിജെപി കുത്തക പുലര്‍ത്തുന്നു. ഇവിടെ അഞ്ച് തവണ തുടര്‍ച്ചയായി എം എൽ സിയായ നവൽ കിഷോർ യാദവിനെ പരാജയപ്പെടുത്തി ആർജെഡി സ്ഥാനാർത്ഥി ഡോ സഞ്ജീവ് കുമാർ ചരിത്രവിജയം നേടി.


പട്നയിലെ നഷ്ടം ദര്‍ഭംഗയിൽ ബാലൻസ് ചെയ്യാം എന്ന പ്രതീക്ഷയായിരുന്നു. എന്നാൽ ഉദ്വേഗജനകമായ രംഗങ്ങൾക്കൊടുവിൽ അവസാന ഘട്ടം മുൻഗണനാ വോട്ടുകളിലാണ് ആർജെഡി സ്ഥാനാർത്ഥി അനിൽ കുമാർ ഝാ വിജയം ഉറപ്പിച്ചത്. ബിജെപിയുടെ സിറ്റിങ് എംഎൽസി സർവേഷ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.


എന്നിട്ടും കാണാനില്ല

കോൺഗ്രസ് സാന്നിധ്യം


ബിഹാറിൽ എട്ട് സീറ്റുകളിലാണ് എംഎൽസി തെരഞ്ഞെടുപ്പ് നടന്നത്. 40 സ്ഥാനാര്‍ഥികൾ രംഗത്തുണ്ടായിരുന്നു. ദർഭംഗയിലെ വിജയത്തോടെ ആര്‍ജെഡിക്ക് രണ്ടു സീറ്റുകളായി. ബിജെപി രണ്ടു സീറ്റുകളിൽ ജയിച്ചു. ജൻ സുരാജ് പാർട്ടിയും ജനതാദൾ യുവും ഓരോ സീറ്റിലും വിജയം നേടി. രണ്ട് സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. അഞ്ച് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാര്‍ഥികൾ എല്ലായിടത്തും ദയനീയമായി പരാജയപ്പെട്ടു.


ദർഭംഗയിൽ രണ്ടാം മുൻഗണനാ വോട്ടുകളിലൂടെ അവസാന നിമിഷത്തെ മുന്നേറ്റത്തിലൂടെ ബിജെപി സ്ഥാനാർത്ഥിയുടെ മുൻതൂക്കം തകര്‍ത്ത് അനിൽ കുമാർ ഝാ വിജയിച്ചത്. ജൻസൂരജ് പാര്‍ടി സ്ഥാനാര്‍ഥി മൂന്നാം റൗണ്ടിൽ പുറത്തായതോടെയാണ് രംഗം മാറിയത്. വോട്ടർമാർക്ക് ഒരു സ്ഥാനാർത്ഥിയെമാത്രം തിരഞ്ഞെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, എംഎൽസി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ അവരുടെ മുൻഗണന അനുക്രമത്തിൽ പട്ടികപ്പെടുത്താൻ സാധിക്കും. തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തുടർന്നുള്ളതുമായ ചോയ്സുകൾ ബാലറ്റിൽ രേഖപ്പെടുത്തുന്ന രീതിയാണിത്.



Related News

ദർഭംഗ ബിഹാറിൽ ബിജെപിയുടെ ഉറച്ച വോട്ട് കേന്ദ്രമായാണ് വിവരിക്കപ്പെട്ടിരുന്നത്. ഗോപാൽ ജി താക്കൂറാണ് ദർഭംഗ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ ലളിത് കുമാർ യാദവിനെ 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2019 ലും സമാന വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി,ജെഡിയു സഖ്യം വിജയം ആവര്‍ത്തിച്ചു. ജില്ലയിലെ 10 നിയമസഭാ സീറ്റുകളിൽ ഒൻപതും നേടി.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home