'ഞങ്ങളെ പൂട്ടിയിട്ടു; ഒരാളെ തല്ലിക്കൊല്ലുംവിധമായിരുന്നു'; യുഡിഎസ്എഫ് അക്രമം കണ്ടുനിന്ന ഡോക്ടറും ജീവനക്കാരും

തേഞ്ഞിപ്പലം: ചികിത്സതേടിയ എസ്എഫ്ഐ നേതാക്കൾക്കുനേരെ അതിക്രൂരമായ ആക്രമണമാണ് യുഡിഎസ്എഫ് ഗുണ്ടാസംഘം നടത്തിയതെന്ന് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചേളാരി ഡിഎംഎസ് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും. അൻപതോളംപേർ ആശുപത്രിയിലേക്ക് ഇടിച്ചുകയറിവന്ന് ആക്രമണം നടത്തുകയായിരുന്നു. സെക്യൂരിറ്റും തങ്ങൾക്കും ഒന്നും ചെയ്യാനായില്ലെന്നും ജീവനക്കാർ പറഞ്ഞു.
അക്രമികളുടെ കൂട്ടത്തിലുള്ള ഒരാൾ വന്ന് റൂം പൂട്ടിയിട്ട് പുറത്തേക്ക് ഇറങ്ങരുതെന്ന് ഭീഷണിപ്പെടുത്തി. ഒരാളെ തല്ലിക്കൊല്ലുംവിധമായിരുന്നു ആക്രമണം. കമ്പിവടിവെച്ച് തലയ്ക്കും അടിക്കുന്നത് കണ്ടു. എന്താ ചെയ്യേണ്ടതെന്നോ എങ്ങോട്ടാ പോകേണ്ടതെന്നോ ഒന്നും അറിയില്ലായിരുന്നു. ഡോക്ടറുടെയും മറ്റുള്ളവരുടെയും മുന്നിൽവെച്ചായിരുന്നു മർദിച്ചത്. കാഷ്വാലിറ്റി ആണെന്ന ബോധംപോലുമില്ലാതെയായിരുന്നു ഇതൊക്കെ- ജീവനക്കാർ പറഞ്ഞു.
കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്‌എഫ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ നേതാക്കളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ പ്രസിഡന്റ് എം സുജിൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജിഷ്ണു, ഏരിയാ കമ്മിറ്റിയംഗം കെ പി അതുൽ എന്നിവരുൾപ്പടെ പത്തോളം പേർക്കാണ് പരിക്കേറ്റത്. ആദിലിന്റെ തലയിലും സുജിന്റെ മുഖത്തും സാരമായ മുറിവുണ്ട്. കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചതോടെയാണ് യുഡിഎസ്‌എഫ് അക്രമമഴിച്ചുവിട്ടത്.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും എംഎസ്എഫ് നേതാവുമായ അമീൻ റാഷിദ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സഫാൻ പത്തിൽ, സൽമാൻ പത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സുഫിയാൻ വില്ലൻ എന്നിവരുടെ നേതൃത്വത്തിലുള്ള അക്രമി സംഘത്തിൽ പ്രാദേശിക യൂത്ത് ലീഗ്- യൂത്ത് കോൺഗ്രസുകാരുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിനെയും ആദിലിനെയും വിദഗ്‌ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.









0 comments