ad
Deshabhimani

എൽപിജി പ്രതിസന്ധി: ​ഡൽഹിയിൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ കർശന സുരക്ഷ

long queue lpg kanpur

ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു ഗ്യാസ് ഏജൻസിക്ക് പുറത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 05:17 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പാചകവാതക വിതരണം സ്തംഭിക്കുന്നു. എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ 50 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഗ്യാസ് ഏജൻസികളിൽ സംഘർഷസാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ പൊലീസ് വിന്യാസം ശക്തമാക്കി.


എസ്എച്ച്ഒമാർക്ക് അതത് പ്രദേശങ്ങളിലെ ഏജൻസികളുടെ പട്ടിക തയ്യാറാക്കാനും പിസിആർ വാനുകൾ, മോട്ടോർ സൈക്കിൾ പട്രോളിംഗ് എന്നിവ വഴി നിരീക്ഷണം നടത്താനും നിർദ്ദേശം നൽകി. ഉത്തർപ്രദേശിൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഇതോടെ സുരക്ഷ ശക്തമാക്കാൻ പൊലീസിനെ വിന്യസിച്ചു.


വിതരണ തടസ്സം മുതലെടുത്ത് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതും അമിതവിലയ്ക്ക് വിൽക്കുന്നതും തടയുകയാണ് പൊലീസിന്റെ പ്രാഥമിക ലക്ഷ്യം. ചെറിയ സിലിണ്ടറുകൾ നിയമവിരുദ്ധമായി റീഫിൽ ചെയ്യുന്ന കടയുടമകൾക്കെതിരെ കർശന നടപടിയുണ്ടാകും. സാധാരണ ഗതിയിൽ 1,000-1,100 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടറുകൾക്ക് കരിഞ്ചന്തയിൽ 3,000 മുതൽ 4,500 രൂപ വരെ ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.


പാചകവാതക ക്ഷാമം ഡൽഹിയിലെ ഹോട്ടലുകളെയും കഫേകളെയും സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും ഇൻഡക്ഷൻ കുക്കിംഗിലേക്കോ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്കോ മാറാൻ നിർബന്ധിതരായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന ഇറക്കുമതിയിലും വിതരണത്തിലും ഉണ്ടായ തടസ്സങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകം വിതരണം ചെയ്യുന്നതിൽ സർക്കാർ പുതിയ മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്.


നിയമവിരുദ്ധമായ രീതിയിൽ സിലിണ്ടറുകൾ നിറയ്ക്കുന്നത് തീപിടുത്തത്തിനും സ്ഫോടനങ്ങൾക്കും കാരണമാകും. ഇത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നോയിഡ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഗ്യാസ് ക്ഷാമത്തിനെതിരെ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home