മാപ്പുസാക്ഷിയുടെ കമ്പനി ബിജെപിക്ക് നൽകിയത് 30 കോടി
print edition ഫെഡറലിസത്തെ അരക്കിട്ടുറപ്പിക്കുന്ന വിധി ; സർക്കാരിന്റെ നയരൂപീകരണത്തിൽ ഏജൻസിക്ക് കടന്നുകയറാനാകില്ല

ന്യൂഡൽഹി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ റൗസ് അവന്യൂപ്രത്യേക കോടതി വിധി ഫെഡറൽ തത്വങ്ങളെ അരക്കിട്ടുറപ്പിക്കുന്നത്. പൊതുനയത്തിന്റെ രൂപീകരണം, പരിഷ്‌കരണം തുടങ്ങിയവ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരമണെന്ന് വിവിധ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഭരണത്തിന്റെ വിശാലമായ താൽപ്പര്യങ്ങൾക്കായി നയത്തിൽ മാറ്റം വരുത്തുന്നതടക്കം സർക്കാരിന്റെ അധികാരമാണ്.
ഇവ സംസ്ഥാന നിയമസഭകളിലും പാർലമെന്റിലുമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. നയത്തിന്റെ ഭാഗമായി ഏതെങ്കിലും സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടായൽപോലും അധികാരികൾക്കെതിരെ വിചാരണ നടത്താനുള്ള തെളിവല്ല. നയപരമായ വിഷയങ്ങളിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ്, സിബിഐ , ഇഡി തുടങ്ങിയ ഏജൻസികൾക്ക് നിയമപരമായ വിലക്കുണ്ട്. ഏതെങ്കിലും നയം സ്വീകരിക്കണോ വേണ്ടയോ എന്ന് അന്വേഷണ ഏജൻസികളല്ല തീരുമാനിക്കേണ്ടത്. നിയമത്തിനുള്ളിൽ ഒതുങ്ങിനിന്ന് വേണം ഏജൻസികൾ പ്രവർത്തിക്കാൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം അത്യന്താപേക്ഷിതമാണ്.
തെരഞ്ഞെടുപ്പ് അവകാശങ്ങൾക്ക് സംരക്ഷണം
അഴിമതിപ്പണം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് എഎപി ഉപയോഗിച്ചുവെന്ന സിദ്ധാന്തത്തെ തള്ളിയ കോടതി പാർടികളുടെ തെരഞ്ഞെടുപ്പ് അവകാശങ്ങളെയും സംരക്ഷിച്ചു. തെരഞ്ഞെടുപ്പ് ചെലവുകൾ പരിശോധിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമീഷന് മാത്രമാണ്. ഇതിൽ സിബിഐ കടന്നുകയറി അന്വേഷണം നടത്തുകയും സ്വയം ചെലവുകൾ കണക്കാക്കുകയും ചെയ്‌തു. ഇത് മൗലികമായി ഭരണഘടനയുടെ ചട്ടക്കൂടിന് വിരുദ്ധമാണ് –വിധിയിൽ പറഞ്ഞു.
സിബിഐ സംഘത്തലവനെതിരെ നടപടിക്ക് ശുപാർശ
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഒരു തെളിവുമില്ലാതെ ഡെപ്യൂട്ടി എക്‌സൈസ് കമീഷണറായിരുന്ന കുൽദീപ് സിങ്ങിനെ കേസിൽ കുടുക്കിയ സിബിഐ അന്വേഷണ സംഘത്തലവനെതിരെ നടപടിയെടുക്കണമെന്ന് വിചാരണക്കോടതി. യാതൊരു തെളിവുമില്ലാതെ മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് സിങ്ങിനെ ഒന്നാം പ്രതിയാക്കിയത്. നിഷ്പക്ഷമായല്ല അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥനെ കുടുക്കിയതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. സാക്ഷികൾ പേര് പരാമർശിക്കുന്പോൾ തന്നെ ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ വ്യഗ്രതകാട്ടി. ഏജൻസിയുടെ വിശ്വാസ്യത നിലനിൽത്താൻ അന്വേഷണ ഉദ്യോഗസ്ഥനെ ഉത്തരവാദിയാക്കണം –ഉത്തരവിൽ പറഞ്ഞു.
മാപ്പുസാക്ഷിയുടെ കമ്പനി ബിജെപിക്ക് നൽകിയത് 30 കോടി
മദ്യനയ അഴിമതിക്കേസിൽ ഡയറക്ടര്‍ പി ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായതോടെ രണ്ട് ഘട്ടമായി ഹൈദരാബാദിലെ അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ബിജെപിക്ക് സംഭാവനയായി നൽകിയത് 30 കോടി രൂപയാണ്. 2022 നവംബറിൽ ഇലക്‍ടറൽ ബോണ്ട് വഴി 5 കോടി രൂപ ബിജെപിക്ക് അരബിന്ദോ ഫാര്‍മ ലിമിറ്റഡ് സംഭാവന നൽകി. ശരത് ചന്ദ്ര റെഡ്ഡിയെ ഇഡി അറസ്റ്റ്‍ ചെയ്‍ത് അഞ്ച് ദിവസം മാത്രം ആയപ്പോഴായിരുന്നു ഈ "സംഭാവന'. ശരത്ചന്ദ്ര റെഡ്ഡിയുടെ അച്ഛൻ പി വി രാംപ്രസാദ് റെഡ്ഡിയാണ് അരബിന്ദോ ഫാര്‍മ ലിമിറ്റഡ് സ്ഥാപിച്ചത്.
റെഡ്ഡിയുടെ ജാമ്യാപേക്ഷയെ ഡൽഹി ഹൈക്കോടതിയിൽ ഇഡി എതിര്‍ത്തില്ല. 2023 മേയിൽ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകി. ഇഡി കേസിൽ 2023 ജൂണിൽ ശരത് റെഡ്ഡി മാപ്പ് സാക്ഷിയായി. ഇതിന് രണ്ടുമാസത്തിനുശേഷം കമ്പനി 25 കോടി രൂപ കൂടി ബിജെപിക്ക് സംഭാവന നൽകി. ഡൽഹിയുടെ അധികാരം പിടിക്കാനായി കേജ്‍രിവാളിനെ കുടുക്കാൻ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണിതെല്ലാം.










0 comments