ഇസ്രയേൽ കടന്നാക്രമണം: ഡൽഹിയിൽ ഇടതുപക്ഷ പ്രതിഷേധത്തിന് നേരെ സംഘപരിവാർ അതിക്രമം

ന്യൂഡൽഹി: ഇറാനെതിരെയുള്ള യുഎസ്–ഇസ്രയേൽ കടന്നാക്രമണത്തിനെതിരെ ഡൽഹി ജന്തർ മന്ദിറിൽ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ അലങ്കോലപ്പെടുത്താൻ സംഘപരിവാർ ശ്രമം.
സിപിഐ എം, സിപിഐ, സിപിഐ എംഎൽ ഉൾപ്പെടെയുള്ള പാർടികളുടെ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അലങ്കോലപ്പെടുത്താനാണ് ശ്രമമുണ്ടായത്.
എന്തിനാണ് നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നത് എന്ന് ചോദിച്ച് പ്രതിഷേധത്തിലേക്ക് ബിജെപി പ്രവർത്തകർ എത്തുകയായിരുന്നു. ആർഎസ്‌എസ് മുദ്രാവാക്യങ്ങളും ഇവർ മുഴക്കി.
മോദി സർക്കാരിന്റെ കീഴിലുള്ള ഗോദി മാധ്യമങ്ങളും സംഘപരിവാറുകാർക്ക് പിന്തുണ നൽകി. എന്നാൽ മുദ്രാവാക്യം വിളിച്ചും ഇസ്രയേൽ, യുഎസ് തെമ്മാടിത്തത്തെക്കുറിച്ച് വിശദീകരിച്ചും ഇടതുപക്ഷ പ്രവർത്തകർ സംഘപരിവാർ ശ്രമത്തെ പരാജയപ്പെടുത്തി.
യുഎസ്, ഇസ്രേയേൽ ആക്രമണത്തെ അപലപിച്ച് റെല്യൂഷണറി കമ്മ്യൂണിസ്റ്റ് വർക്കേഴ്‌സ് പാർടി ഓഫ് ഇന്ത്യ നടത്തിയ പ്രതിഷേധത്തെ കയ്യേറ്റം ചെയ്യാനും ബിജെപി അനുകൂലികൾ ശ്രമിച്ചു. ഗോദി മാധ്യമങ്ങളും, ആർഎസ്‌എസുകാരും ആർഡബ്ല്യുപിഐ പ്രവർത്തകർക്കുനേരെ ആക്രോശവുമായി രംഗത്തെത്തി.
മോദി ട്രംപിന്റെ പാവ: ബൃന്ദ കാരാട്ട്
ഇറാനിൽ നടക്കുന്നത് കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം കീഴടങ്ങലാണ്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണ് മോദി ഏറ്റുപറയുന്നത്.
ട്രംപിന്റെ പാവയാണ് മോദിയെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൃന്ദ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ‍്യൂറോ അംഗം ആർ അരുൺ കുമാർ, കേന്ദ്ര കമ്മിറ്റിയംഗം കെ ഹേമലത, സംസ്ഥാന സെക്രട്ടറി അരുരാഗ് സക്‌സേന, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത് കൗർ, സിപിഎ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.










0 comments