ദില്ലിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; സബ് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: പടിഞ്ഞാറൻ ദില്ലിയിലെ ജനക്പുരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സബ് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷ് പ്രജാപതി എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
ദില്ലി ജല ബോർഡിന്റെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും സുരക്ഷാ വീഴ്ചയുമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. കൈലാഷ്പുരി സ്വദേശിയായ കമൽ ധ്യാനി (25) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദാരുണമായി കൊല്ലപ്പെട്ടത്.
മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ കേക്കുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കമൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 അടി താഴ്ചയുള്ള കുഴിയിലേക്കാണ് കമൽ വീണത്.
അപകട വിവരം അറിഞ്ഞിട്ടും സ്ഥലത്തെത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ കോൺട്രാക്ടർ തയ്യാറായില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജല ബോർഡിന്റെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റ് മണിക്കൂറുകളോളം കുഴിയിൽ കിടന്ന കമലിനെ പിറ്റേന്ന് രാവിലെയാണ് കണ്ടെത്താനായത്. കൃത്യമായ ബാരിക്കേഡുകളോ വെളിച്ചമോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നോയിഡയിലെ സമാനമായ അപകടത്തിന് പിന്നാലെ തലസ്ഥാന നഗരിയിലുണ്ടായ ഈ ദുരന്തം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.










0 comments