ad
Deshabhimani

സിജെപിക്ക് പ്രതിഷേധിക്കാം; പ്രക്ഷോഭത്തിനെതിരെയുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ ഡൽഹി ഹൈക്കോടതി

Delhi High Court.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 01:57 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്താനിരിക്കുന്ന പരസ്യ പ്രക്ഷോഭത്തിന് തടയിടാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. പ്രക്ഷോഭത്തിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.


ഹർജിയിൽ അടിയന്തിര പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, സാധാരണ നടപടിക്രമങ്ങളിലൂടെ മാത്രമേ കേസ് കേൾക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധം തലസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നും പൊതുഗതാഗതം തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്.


എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം തടയാനാകില്ലെന്ന സൂചന നൽകിക്കൊണ്ടാണ് കോടതിയുടെ ഈ അടിയന്തിര ഇടപെടൽ നിഷേധിക്കൽ. നീറ്റ്, സിബിഎസ്ഇ, സിഇയുടി പരീക്ഷകളിലെ തട്ടിപ്പുകൾക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തിയാണ് സിജെപി കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.


പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, എസ്എഫ്ഐ തുടങ്ങിയവർ ഈ പ്രക്ഷോഭത്തിന് ഇതിനകം തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഹൈക്കോടതിയുടെ ഈ നിലപാട് സമരക്കാർക്ക് ഊർജം നൽകിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home