പേര്, ചിത്രം എന്നിവ ദുരുപയോഗം ചെയ്യരുത്
ഐശ്വര്യ റായിയുടെ വ്യക്തിത്വ അവകാശങ്ങൾക്ക് സംരക്ഷണം നൽകി ഡൽഹി ഹൈക്കോടതി

PHOTO CREDIT: X
ന്യൂഡൽഹി: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ വ്യക്തിത്വ അവകാശങ്ങൾക്ക് സംരക്ഷണം നൽകി ഡൽഹി ഹൈക്കോടതി. നടിയുടെ പേര്, ചിത്രം എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ലംഘിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഐശ്വര്യ റായിയുടെ സമ്മതമില്ലാതെ വാണിജ്യ നേട്ടത്തിനായി നടിയുടെ ചിത്രമോ ശബ്ദമോ പേരോ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും എല്ലാ പ്ലാറ്റ്ഫോമുകളെയും ജസ്റ്റിസ് തേജസ് കരിയ വിലക്കി. അത്തരം ദുരുപയോഗത്തിലൂടെ സാമ്പത്തിക നഷ്ടം മാത്രമല്ല മറിച്ച് നടിയുടെ അന്തസ്സിനും പ്രശസ്തിക്കും ദോഷം വരുത്തുമെന്നും കോടതി നിരീക്ഷിച്ചു.
അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് തേജസ് കരിയ ഇടക്കാല ഉത്തരവിറക്കിയത്.
നടിയുടെ വ്യക്തിത്വ അവകാശങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം പൊതുജനങ്ങൾക്കിടയിൽ ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ അംഗീകാരമോ സ്പോൺസർഷിപ്പോ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനൊപ്പം അവരുടെ പ്രശസ്തിയും സൽപേരും ദുർബലപ്പെടുത്തുന്നതിന് കാരണമാകും. വിധിയിലൂടെ വിവിധ മേഖലകളിലായി സെലിബ്രിറ്റികളുടെ ഐഡന്റിറ്റി അനധികൃതമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള സംരക്ഷണം കോടതി ശക്തിപ്പെടുത്തി.










0 comments