ad
Deshabhimani

യുജിസി നെറ്റ് പരീക്ഷാ വിവാദം: വിദഗ്ധ സമിതി രൂപീകരിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്; ഫലം പുനഃപ്രസിദ്ധീകരിച്ചേക്കും

UGC NET.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 01:13 PM | 1 min read

ന്യൂഡൽഹി: 2025 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻടിഎ) ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം.


പരീക്ഷയിലെ ഹിസ്റ്ററി പേപ്പറിൽ ചോദ്യങ്ങളും ഉത്തരസൂചികയും തെറ്റാണെന്ന ഉദ്യോഗാർത്ഥികളുടെ പരാതിയെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഹിസ്റ്ററി പേപ്പറിൽ ഒൻപത് ചോദ്യങ്ങളും രണ്ട് വിവർത്തനങ്ങളും തെറ്റാണെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രധാന പരാതി.


പ്രൊവിഷണൽ കീ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾ ആക്ഷേപം ഉന്നയിച്ചെങ്കിലും ഫെബ്രുവരി നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ ഇത് പരിഗണിക്കപ്പെട്ടില്ല. ഇതിനെതിരെ കാർത്തികേയ കഹോൾ എന്ന ഉദ്യോഗാർത്ഥി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.


ഉത്തരസൂചികയിലെ പിഴവ് കാരണം തനിക്ക് രണ്ട് മാർക്കിന് ജെആർഎഫ് നഷ്ടമായെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. ഇത് പരിഗണിച്ച കോടതി ഹർജിക്കാരന് രണ്ട് മാർക്ക് അധികമായി നൽകാനും ഉത്തരവിട്ടു.


ഇതോടെ ഇയാൾ ജെആർഎഫിന് അർഹനായി. നാലാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിക്കണമെന്നും പരാതികൾ പരിശോധിച്ച് അടുത്ത നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് സന്ദീപ് കുമാർ ശർമ്മ ഉത്തരവിട്ടു. ഹിസ്റ്ററി പേപ്പറിൽ മാത്രം 60,777 പേരാണ് പരീക്ഷ എഴുതിയത്.


വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷാഫലം പുനഃപ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്. ഓരോ ചോദ്യവും ചാലഞ്ച് ചെയ്യാൻ 200 രൂപ വീതം വാങ്ങിയിട്ടും ഉദ്യോഗാർത്ഥികളുടെ പരാതികൾ ശാസ്ത്രീയമായി പരിശോധിച്ചില്ലെന്ന ആരോപണം എൻടിഎയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home