Deshabhimani

'നിന്റെ ബാല്യം തിരിച്ചുനൽകാനാവില്ല, പക്ഷേ അയാൾ ഇനി ഒരിക്കലും പുറത്തിറങ്ങില്ല'; 10വയസുകാരിക്ക് ജഡ്ജിയുടെ സന്ദേശം

rape attempt
വെബ് ഡെസ്ക്

Published on Sep 29, 2026, 01:05 PM | 2 min read

ന്യൂഡൽഹി: "വയസ്സനാകുന്നതുവരെ അയാളെ ജയിലിലിടണം" എന്നാവശ്യപ്പെട്ട പത്ത് വയസ്സുകാരിക്ക് ഹൃദയസ്പർശിയായ മറുപടി നൽകി ജഡ്ജി. രോഹിണി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് ഔദ്യോഗിക നിയമഭാഷ മാറ്റിവെച്ച് പെൺകുട്ടിക്ക് നേരിട്ട് സന്ദേശമെഴുതിയത്.


"പ്രിയപ്പെട്ട മോള, മോൾ പറഞ്ഞത് ഈ കോടതി കേട്ടു. 'അങ്കിൾ വയസ്സനാകുന്നതുവരെ അയാളെ ജയിലിൽ തന്നെ ഇടണം' എന്ന് പറഞ്ഞപ്പോൾ ഈ കോടതി അത് ശ്രദ്ധിച്ചു, നിന്റെ ആവശ്യത്തിന് ഉത്തരം നൽകുകയും ചെയ്തു. നീ 'അങ്കിൾ' എന്ന് വിളിച്ചയാൾ ഇനി ഒരിക്കലും പുറത്തിറങ്ങില്ലെന്ന് ഇന്ന് ഈ കോടതി ഉത്തരവിട്ടിരിക്കുന്നു. അയാൾ തടവറയ്ക്കുള്ളിൽ തന്നെ ജീവിക്കും, അവിടെക്കിടന്ന് വയസ്സനാകും, ആ കൂട്ടിൽ കിടന്നുതന്നെ മരിക്കും. ഇനി ഒരിക്കലും നിന്നെയോ നിന്റെ അനിയത്തിയെയോ മറ്റേതെങ്കിലും കുട്ടിയെയോ ഉപദ്രവിക്കാൻ അയാൾക്കാവില്ല. ഈ കോടതി ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്നു, നിന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ചു, സത്യം വിളിച്ചുപറഞ്ഞു. നീ 'അങ്കിൾ' എന്ന് വിളിച്ചയാൾ നിന്നോട് വളരെ മോശമായ കാര്യമാണ് ചെയ്തത്. എന്നാൽ നീ നിശബ്ദയായിരുന്നില്ല. നീ അമ്മയോട് പറഞ്ഞു. സംസാരിക്കാൻ നീ കാണിച്ച ആ ധൈര്യം കാരണം, മറ്റൊരു കുട്ടിയെ ഉപദ്രവിക്കാൻ അയാൾക്കാകില്ല ഇനി. നിന്റെ ബാല്യം തിരിച്ചുനൽകാൻ ഈ കോടതിക്കാവില്ല. പക്ഷേ, നിന്റെ വാക്കുകൾ കേട്ടിട്ടുണ്ടെന്ന് ഈ കോടതി ഉറപ്പുനൽകുന്നു. നിന്റെ ആവശ്യം അനുവദിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിച്ചയാൾ ഇനി സ്വതന്ത്രനായി സൂര്യനെ കാണില്ല. ഇനി മോൾ ജീവിക്കൂ. സ്കൂളിൽ പോകൂ. കൂട്ടുകാരെ ഉണ്ടാക്കൂ. ചിരിക്കൂ, കളിക്കൂ, സ്വപ്നം കാണൂ. നിന്റെ ധൈര്യം ഈ കോടതി എന്നും ഓർക്കും."


ജസ്റ്റിസ് പ്രതിഭ എം സിംഗ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ബെഞ്ചാണ് ജഡ്ജിയുടെ ഈ സന്ദേശം അച്ചടിച്ച് 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തോടൊപ്പം 2 ആഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് എത്തിച്ചുനൽകാൻ നോർത്ത് വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചത്.


2023 ജൂലൈ 23നാണ് 7 വയസ്സുകാരിയായ കുട്ടിക്കെതിരെ അതിക്രമം നടന്നത്. കുട്ടിക്ക് ഇപ്പോൾ 10 വയസ്സുണ്ട്. പ്രതിയായ സുമിത് ശാക്യയ്ക്ക് പോക്സോ നിയമപ്രകാരം ജീവിതകാലം മുഴുവൻ കഠിനതടവും പിഴയും വിധിച്ചു. കൂടാതെ ഭീഷണിപ്പെടുത്തിയതിന് 5 വർഷം തടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.


കുട്ടിക്കും കുടുംബത്തിനും ഉണ്ടായ മാനസിക ആഘാതവും കുറ്റകൃത്യത്തിന്റെ സ്വഭാവവും കണക്കിലെടുത്ത് 10.50 ലക്ഷം രൂപ നഷ്ടപരിഹാരമായി വിചാരണക്കോടതി നിശ്ചയിച്ചു. പ്രതി സമർപ്പിച്ച അപ്പീലും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. കേസിന്റെ അടുത്ത ഘട്ട വാദം കേൾക്കൽ നവംബർ 4-ന് നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home