ad
Deshabhimani

വായു മലിനീകരണം: ഡൽഹിയിലെ 10,000 ക്ലാസ് മുറികളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കും

Delhi.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 05:23 PM | 1 min read

ന്യൂഡൽഹി: വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ സ്കൂളുകളിലെ 10,000 ക്ലാസ് മുറികളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ ഡൽഹി സർക്കാർ.


ആദ്യഘട്ടമെന്ന നിലയിലാണ് 10,000 ക്ലാസ് മുറികളിൽ പ്യൂരിഫയറുകൾ സ്ഥാപിക്കുകയെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് അറിയിച്ചു. മലിനീകരണ പ്രശ്നത്തിന് ശാശ്വതപരിഹാരങ്ങൾ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.


കുട്ടികൾക്ക് 'സ്മാർട്ട്' വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ശ്വസിക്കാൻ 'സ്മാർട്ട്' വായുവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹിയിലെ സർക്കാർ സ്കൂളുകളിലായി ആകെ 38,000 ക്ലാസ് മുറികളാണുള്ളത്.


ഇവയിൽ ഘട്ടം ഘട്ടമായി പ്യൂരിഫയറുകൾ സ്ഥാപിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ വെള്ളിയാഴ്ച തന്നെ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരുകൾ നടത്തിയ 'ഓഡ്-ഈവൻ', 'ഗാഡി ഓൺ, ഗാഡി ഓഫ്' തുടങ്ങിയ പ്രചാരണ പരിപാടികൾ താൽക്കാലിക പരിഹാരങ്ങൾ മാത്രമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.


പരിസ്ഥിതി സെസ്സ് ഉപയോഗിച്ച് ഓരോ നിയമസഭാ മണ്ഡലങ്ങളിലും റോഡുകൾ വൃത്തിയാക്കുന്നതിനായി മെക്കാനിക്കൽ സ്വീപ്പർ മെഷീനുകൾ വാങ്ങാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.


ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് ശുചീകരണ പ്രവർത്തനങ്ങൾക്കായി 500 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിലെ വായു ഗുണനിലവാരം വരും ദിവസങ്ങളിലും മോശമായി തുടരാൻ സാധ്യതയുള്ളതിനാൽ സ്കൂളുകളിലെ പ്യൂരിഫയറുകൾ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home