ഡൽഹിയിൽ വായുമലിനീകരണം തടയാൻ ‘റോഡ് റഡാർ’ പദ്ധതി

പ്രതീകാത്മക ചിത്രം | Anushree Fadnavis/REUTERS
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിനായി 'റോഡ് റഡാർ' പദ്ധതിയുമായി സർക്കാർ. മലിനീകരണ സ്രോതസുകൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഈ പദ്ധതി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ 13 ജില്ലകളിലും ഇതിനായി പ്രത്യേക സർവേ നടത്തുന്നുണ്ട്.
റോഡുകളിലെ മലിനീകരണം തത്സമയം കണ്ടെത്താനുള്ള ശാസ്ത്രീയ സംവിധാനമാണിത്. റിയൽ-ടൈം എയർ പൊല്യൂഷൻ ഡിറ്റക്ഷൻ എക്രോസ് റോഡ്സ് (Real-time Air Pollution Detection Across Roads) എന്നാണ് റാഡാർ എന്നതിന്റെ പൂർണരൂപം. ഓരോ ജില്ലയിലും നിയോഗിക്കപ്പെട്ടിട്ടുള്ള സർവേയർമാർ റോഡുകളിൽ പരിശോധന നടത്തുകയും മലിനീകരണ സ്രോതസുകൾ തത്സമയം റിപ്പോർട്ട് ചെയ്യുകയും ചെയ്യും. പ്രതിദിന നിരീക്ഷണത്തിലൂടെ മലിനീകരണ പ്രശ്നങ്ങൾ അവഗണിക്കാതെ വേഗത്തിൽ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു.
ഓരോ സർവേയറും തത്സമയമായി എം.സി.ഡി-311 (MCD-311) മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജിയോ ടാഗ് ചെയ്ത ഫീൽഡ് സർവേകൾ നടത്തും. പ്രതിദിനം കുറഞ്ഞത് 70 മലിനീകരണ പ്രശ്നങ്ങൾ വീതം ഓരോ സർവേയറും ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്യണം. ഇതുവഴി നഗരത്തിലുടനീളം ദിവസവും ആയിരത്തോളം പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. റിപ്പോർട്ട് ചെയ്യപ്പെടുന്ന വിവരങ്ങൾ ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ്, മറ്റു പരിഹാര ഏജൻസികൾക്ക് കൈമാറും. പ്രശ്നങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ആപ്പിലുണ്ട്.
ശാസ്ത്രീയ ഇടപെടലുകളിലൂടെയും ശക്തമായ നിരീക്ഷണത്തിലൂടെയും ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള വലിയൊരു ദൗത്യത്തിന്റെ പ്രധാന ഭാഗമാണ് ഈ പദ്ധതിയെന്നാണ് വിലയിരുത്തൽ.










0 comments