ഡൽഹിയിൽ കനത്ത മഴ; താപനിലയിൽ കുറവ്, മുംബൈയിൽ മഴക്കെടുതി

ഡൽഹിയിൽ കനത്ത മഴ മൂലമുണ്ടായ വെള്ളക്കെട്ട്| ചിത്രം: പിടിഐ
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമായി തുടരുന്നു. ഡൽഹിയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും താപനിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, മുംബൈയിൽ കാലവർഷം ശക്തമായതോടെ നഗരജീവിതം താറുമാറായി.
ബുധനാഴ്ച വൈകിട്ടാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തത്. ഇത് തലസ്ഥാന നഗരിക്ക് കടുത്ത ചൂടിൽ നിന്ന് വലിയ ആശ്വാസമാണ് നൽകിയത്. പാലം, സഫ്ദർജങ് എന്നിവിടങ്ങളിൽ താപനില യഥാക്രമം 9 ഡിഗ്രി സെൽഷ്യസും 11 ഡിഗ്രി സെൽഷ്യസുമാണ് ഒറ്റയടിക്ക് കുറഞ്ഞതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ മാസം ഇതുവരെ 39.6 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. സാധാരണ ലഭിക്കേണ്ട 48.3 മില്ലിമീറ്ററിനേക്കാൾ 18 ശതമാനം കുറവാണിത്. വ്യാഴാഴ്ച ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും 27 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയും പ്രതീക്ഷിക്കാം. മുംബൈയിൽ സീസണിലെ ആദ്യത്തെ കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ബുധനാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ വലയുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.










0 comments