ad
Deshabhimani

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെതിരെയുള്ള കാപ്പ; അംഗീകാരം നൽകി സർക്കാർ

Vazhottukonam councilor Sugathan arrest
വെബ് ഡെസ്ക്

Published on Jun 25, 2026, 12:19 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്ക് അംഗീകാരം നൽകി സർക്കാർ. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചത്.


നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ് ഇദ്ദേഹം. സുഗതനെതിരെ കാപ്പ ചുമത്തിയതിനെതിരെ നഗരസഭ ഭരണസമിതി നിയമനടപടികളിലേക്ക് നീങ്ങുകയാണ്. ഇതുസംബന്ധിച്ച് കാപ്പ ഉപദേശക സമിതിയെ സമീപിക്കാനാണ് തീരുമാനം.


റിട്ട. ജസ്റ്റിസ് പി ഉബൈദ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയായിരിക്കും ഭരണസമിതിയുടെ ആവശ്യം പരിശോധിക്കുക. സുഗതനെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യമില്ലെന്നും, സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടെന്നും കാട്ടി അനുകൂല തീരുമാനം നേടിയെടുക്കാനാണ് ഭരണസമിതിയുടെ ശ്രമം.


ഉപദേശക സമിതിയിൽ നിന്ന് അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്.


ഒളിവിലായിരുന്ന സുഗതനെ, അനുയായികളുടെ തടസ്സം വകവെക്കാതെ ആകാശത്തേക്ക് വെടിവെച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. ഈ സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു.


പൊതുജന സുരക്ഷയ്ക്ക് സുഗതനെ കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള ഉണ്ടാക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.


2023-ലും 2025-ലും പൊലീസ് ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിന് ശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു എന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home