വായുമലിനീകരണം കുറക്കാൻ പുതിയ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി ഡൽഹി സർക്കാർ. 2028 ഏപ്രിൽ 1 മുതൽ തലസ്ഥാന നഗരിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിരോധിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിന് പകരമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൻതോതിലുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകാനാണ് പുതിയ നിർദേശം.
വായുമലിനീകരണം കുറക്കുക ലക്ഷ്യമിട്ട് ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2026-2030 എന്ന പേരില്‍ പുതിയ വാഹനനയത്തിന്റെ കരട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2028 ഏപ്രിൽ ഒന്നു മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും അനുവദിക്കില്ല. 2027 ജനുവരി 1 മുതല്‍ പുതിയ ത്രീ - വീലറുകളുടെ രജിസ്‌ട്രേഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് (30 ലക്ഷം രൂപ വരെ വിലയുള്ള) റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ വലിയ ഇളവുകൾ നൽകും. ഈ ആനുകൂല്യം 2030 മാര്‍ച്ച് 31 വരെ ലഭിക്കും. നിലവിലുള്ള പഴയ പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നവർക്കും പ്രത്യേക സഹായം ലഭിച്ചേക്കും.
ഇരുചക്ര വാഹനങ്ങള്‍ക്ക് ബാറ്ററിയുടെ കപ്പാസിറ്റി അനുസരിച്ച് ആദ്യ വര്‍ഷം 30,000 രൂപവരെ സബ്‌സിഡി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തുക യഥാക്രമം 20,000, 10,000 എന്നിങ്ങനെ കുറയും.
പെട്രോൾ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ നഗരത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കും.
ശൈത്യകാലത്ത് വായുമലിനീകരണം രൂക്ഷമാകുന്ന ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളുന്നത് കുറക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ്. പുതിയ നയം നടപ്പിലാക്കിയാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൂർണമായും മാറുന്ന ആദ്യ മെട്രോ നഗരമായി ഡൽഹി മാറും. വാഹന നിർമാതാക്കളും ഉപഭോക്താക്കളും ഈ പുതിയ മാറ്റത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സർക്കാർ.










0 comments