ad
Deshabhimani

റെയിൽവേ കരാറിന് പകരം ഭൂമി കേസ്

തെരഞ്ഞെടുപ്പ് മുന്നിൽ; റെയിൽവേ കാറ്ററിങ് കേസിൽ ലാലു കുടുംബത്തിനെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി

lalu family
വെബ് ഡെസ്ക്

Published on Oct 13, 2025, 01:14 PM | 2 min read

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് പഴയ കേസിൽ പുതിയ കുരുക്ക്. ഐആർസിടിസി അഴിമതി കേസിൽ ആർജെഡി സ്ഥാപകനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവി എന്നിവർക്കെതിരെ കുറ്റം ചുമത്തി ഡൽഹിയിലെ റൗസ് അവന്യൂ കോടതി ഉത്തരവിട്ടു.


2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഐആർസിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി നിർവ്വഹിക്കുന്ന കരാറുകൾ നൽകുന്നതിനിടെ അഴിമതി നടന്നുവെന്നതാണ് കേസ്.


ലാലു പ്രസാദ് അടക്കമുള്ളവർ ഗൂഢാലോചനയിൽ ഏർപ്പെട്ടു. പൊതുപ്രവർത്തകനെന്ന നിലയിൽ സ്ഥാനം ദുരുപയോഗം ചെയ്തു എന്നിങ്ങനെ കുറ്റങ്ങൾ കണ്ടെത്തി. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം റജിസ്റ്റർ ചെയ്ത കേസാണ്.


ഭൂമി കൈപ്പറ്റുന്നതിനായി ഗൂഢാലോചന നടത്തിയതും പദവി ദുരുപയോഗം ചെയ്ത് ടെൻഡർ നടപടികളെ സ്വാധീനിച്ചതുമായ ആരോപണങ്ങളിൽ പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാൽ ഗോഗ്നെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


2017-ലാണ് സിബിഐ ലാലുവിനെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എല്ലാ പ്രതികൾക്കെതിരെയും കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് സിബിഐ ഡൽഹി കോടതിയിൽ വാദിച്ചു.


ആരോപണങ്ങൾ പ്രകാരം, 2004 മുതൽ 2009 വരെ യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകൾ കൃത്രിമ ടെൻഡർ പ്രക്രിയയിലൂടെ സുജാത ഹോട്ടൽസ് എന്ന കമ്പനിക്ക് പാട്ടത്തിന് നൽകി. ഇതിനു പകരമായി, കോടിക്കണക്കിന് വിലമതിക്കുന്ന ഭൂമി ലാലുവിന്റെ ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവുമായി ബന്ധമുള്ള ഒരു കമ്പനിക്ക്, വിപണി മൂല്യത്തിൽ കുറഞ്ഞ ചെറിയ തുകയ്ക്ക് കൈമാറ്റം ചെയ്തു.


ടെൻഡറുകൾ നീതിപൂർവ്വമായാണ് നൽകിയതെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ലാലുവിന്റെ അഭിഭാഷകൻ വാദിച്ചു. സിബിഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) ഡി പി സിംഗ്, അഭിഭാഷകരായ മനു മിശ്ര, ഇമാൻ ഖേര, ഗരിമ സക്സേന എന്നിവർ ഹാജരായി.


മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ്, അഭിഭാഷകരായ വരുൺ ജെയിൻ, നവീൻ കുമാർ, അഖിലേഷ് സിംഗ്, വാണിക ഗുപ്ത, സുമിത് സിംഗ്, ഏക്താ വത്സ്, സഞ്ജന നായർ, സതീഷ് കുമാർ, ജാൻവി നാരംഗ് എന്നിവർ ലാലു യാദവിനും കുടുംബത്തിനും വേണ്ടി വാദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home