'ഡൽഹി ബാബ'യുടെ ഭീകരത: 'ആർത്തവമാണ്' എന്ന് പറഞ്ഞ യുവതിയോട് 'ഒഴികഴിവുകൾ' പറയരുതെന്ന് സഹായി

ന്യൂഡൽഹി: സ്വപ്രഖ്യാപിത ദൈവമായ ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നതിനിടെ, ഇയാളുടെ വനിതാ കൂട്ടാളികൾ ഇരകളെ എങ്ങനെയാണ് ഹോട്ടൽ മുറികളിലേക്ക് വിളിച്ചു വരുത്തിയിരുന്നത് എന്ന് സൂചിപ്പിക്കുന്ന കോൾ റെക്കോർഡിംഗുകൾ പുറത്ത്. റെക്കോർഡ് ചെയ്ത സംഭാഷണങ്ങളിൽ ചിലതിൽ, "ആർത്തവം" ആയതിനാൽ ബാബയെ കാണാൻ കഴിയില്ലെന്ന് സ്ത്രീകൾ പറയുന്നത് കേൾക്കാം. എന്നാൽ ഇതിന് മറുപടിയായി "ഒഴികഴിവുകൾ" പറയരുതെന്നാണ് ചൈതന്യാനന്ദയുടെ സഹായി അവരോട് പറയുന്നത്.
ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ്-റിസർച്ച് സ്ഥാപനത്തിൻ്റെ തലവനായിരുന്ന 62-കാരനായ ചൈതന്യാനന്ദയെ, സ്ഥാപനത്തിലെ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ അസോസിയേറ്റ് ഡീൻ ഉൾപ്പെടെ ഇയാളുടെ മൂന്ന് വനിതാ സഹായികളും അറസ്റ്റിലായിട്ടുണ്ട്. വിദ്യാർഥിനികളെ ഹോട്ടൽ മുറികളിൽ ചൈതന്യാനന്ദയുടെ അടുത്തേക്ക് പോകാൻ നിർബന്ധിച്ചതിനാണ് മുൻ അസോസിയേറ്റ് ഡീൻ ആയ ശ്വേത ശർമ്മക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
സ്വയം പ്രഖ്യാപിത ദൈവത്തിൻ്റെ അതിക്രമങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തങ്ങളുടെ അക്കാദമിക് രേഖകളും ഡിഗ്രികളും തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ ആരോപിച്ചു. ചൈതന്യാനന്ദ ആഢംബര ഹോട്ടലുകളിലാണ് താമസം തിരഞ്ഞെടുത്തിരുന്നത്. ഇയാളുടെ സഹായികൾ ഇരകളെ കണ്ടെത്തി പ്രേരിപ്പിച്ച് അവിടേക്ക് എത്തിക്കുകയായിരുന്നു പതിവ്. യുവതിക്ക് വേണ്ടി ബാബ ഒരു കിടിലൻ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും അവിടെ ഒരു രാത്രി അദ്ദേഹത്തോടൊപ്പം ചെലവഴിക്കേണ്ടിവരുമെന്നും അവരോട് പറയുമായിരുന്നു. വിസമ്മതിക്കുന്നവരോട് "നിങ്ങളുടെ ഊഴം എത്തി" എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു.
വിദ്യാർഥിനികൾ ചൈതന്യാനന്ദയുടെ കൂടെ പോകാൻ നിർബന്ധിതരായ യാത്രകളിലാണ് ഇത് കൂടുതലും സംഭവിച്ചിരുന്നത്. വിസമ്മതിച്ചാൽ ഹോട്ടൽ ബുക്കിംഗ് റദ്ദാക്കുമെന്നും സ്വന്തം ചിലവിൽ ഹോട്ടൽ ബുക്ക് ചെയ്യേണ്ടി വരുമെന്നും ഇരകളോട് പറയുമായിരുന്നു. ബാബയുടെ ഇരകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ ഇത്തരം ഭീഷണികൾ അവരിൽ കടുത്ത സമ്മർദ്ദമുണ്ടാക്കി.









0 comments