ad
Deshabhimani

സംഭലിൽ മസ്‌ജിദ്‌ 
പൊളിച്ചുനീക്കാൻ നോട്ടീസ്‌

print edition ഇടിച്ചുനിരത്താൻ 
32 ബുൾഡോസർ, 50 ട്രക്ക്‌

Bulldozer Raj

ഡൽഹി തുർക്ക്‌മാൻ ഗേറ്റിന്‌ സമീപത്തെ നിർമാണങ്ങൾ പൊളിച്ചുനീക്കുന്നത്‌ 
മൊബൈലിൽ പകർത്തുന്ന സ്ത്രീ ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on Jan 08, 2026, 04:01 AM | 1 min read


ന്യൂഡൽഹി

​തുർക്ക്‌മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഇടിച്ചുനിരത്താനായി ഇരച്ചുകയറിയത്‌ 32 ബുൾഡോസറുകളും 50 ട്രക്കുകളും. ‘അനധികൃത കൈയ്യേറ്റങ്ങൾ’ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ബിജെപി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസും കോർപറേഷൻ അധികൃതരും ബുൾഡോസറുകളുമായി ഇരച്ചുകയറിയത്‌.


ചൊവ്വാഴ്ച് അർധരാത്രിയോടെ വലിയ പൊലീസ്‌ സന്നാഹത്തെ തുർക്ക്‌മാൻഗേറ്റിലെ മസ്‌ജിദിന്‌ സമീപം വിന്യസിച്ചിരുന്നു. പുലർച്ചെ ഒന്നോടെ ഇടിച്ചുപൊളിക്കൽ തുടങ്ങിയതോടെ നാട്ടുകാർ രംഗത്തെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ ഇടിച്ചുപൊളിക്കലെന്നും തടസ്സമുണ്ടാക്കിയാൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഭീഷണി മുഴക്കി.


പുലർച്ചെ 1.23 ഓടെ പൊലീസുകാർക്ക്‌ നേരെ കല്ലേറുണ്ടായി. തുടർന്ന്‌ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ച്‌ ആളുകളെ അടിച്ചോടിക്കാൻ തുടങ്ങി. പുലർച്ചെ ഏഴോടെയാണ്‌ ഇടിച്ചുപൊളിക്കൽ പൂർത്തിയായത്‌. ബിജെപി കോർപറേഷൻ ആസൂത്രണം ചെയ്‌തതുപോലെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതോടെ മേഖലയാകെ ഭീതിയുടെ നിഴലിലായി. തുർക്ക്‌മാൻ ഗേറ്റിലേക്കുള്ള എല്ലാ റോഡുകളിലും ഇടവഴികളിലും ബാരിക്കേഡുകൾ നിരന്നു. വീടുകളും കടകളും അടഞ്ഞുകിടന്നു. പൊലീസുകാരും ദ്രുതകർമസേനക്കാരും തെരുവുകൾ കീഴടക്കി.


സംഭലിൽ മസ്‌ജിദ്‌ 
പൊളിച്ചുനീക്കാൻ നോട്ടീസ്‌

ഉത്തർപ്രദേശിലെ സംഭലിലെ ച‍ൗധരി സരായിയിലെ മസ്‌ജിദ്‌ അനധികൃത നിർമാണമാണെന്നും പൊളിച്ചുനീക്കണമെന്നും നോട്ടീസ്‌ നൽകി റവന്യൂ അധികൃതർ. ശ്‌മശാന ഭൂമിയെന്നാണ്‌ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവിടെ ദാദ ഫക്രുദ്ദീൻ റഹ്‌മത്തുള്ളയുമായി ബന്ധപ്പെട്ട്‌ നിർമിച്ചിട്ടുള്ള മസ്‌ജിദ്‌ നീക്കണമെന്നുമാണ്‌ തഹസിൽദാർ ധീരേന്ദ്ര പ്രതാപ്‌ സിങ്‌ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്‌.
 ഇവിടെ ആഴ്‌ചച്ചന്ത നടത്തുന്നതിന്‌ സബ്‌ ഡിവിഷണൽ മജിസ്‌ട്രേറ്റിൽനിന്ന്‌ മുൻകൂർ അനുവാദം വാങ്ങണമെന്നും ആവശ്യപ്പെട്ടു. തലമുറകളായി ഇവിടെയുള്ള മസ്‌ജിദ്‌ അനധികൃതമാണെന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ മസ്‌ജിദ്‌ കമ്മിറ്റിയംഗം മുഹമ്മദ്‌ സുൽത്താൽ പറഞ്ഞു. ഇവിടുത്തെ ശ്‌മശാനം ലഖ്‌ന‍ൗവിലെ സുന്നി വഖഫ്‌ ബോർഡിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളതാണെന്നും അവിടെ ഖബറടക്കങ്ങൾ നടക്കുന്നുണ്ടെന്നും സുൽത്താൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home