തുർക്ക്‌മാൻ ഗേറ്റിൽ അടിയന്തരാവസ്ഥയുടെ ആവർത്തനം
print edition ഡൽഹി തുർക്ക്‌മാൻഗേറ്റിലും ‘ബുൾഡോസർരാജ്’ ; ഫായ്‌സ്–ഇ–ഇലാഹി മസ്‌ജിദിന് സമീപമുള്ള കെട്ടിടങ്ങൾ ഇടിച്ചുനിരത്തി

ഡൽഹി രാംലീല മൈതാനത്തിന് അടുത്തുള്ള നൂറ്റാണ്ട് പഴക്കമുള്ള ഫായ്‌സ്–ഇ–ഇലാഹി മസ്‌ജിദിന് സമീപമുള്ള കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നു / ഫോട്ടോ : പി വി സുജിത്
എം അഖില്‍
Published on Jan 08, 2026, 02:33 AM | 2 min read
ന്യൂഡൽഹി
രാജ്യതലസ്ഥാനത്തെ തുർക്ക്‌മാൻ ഗേറ്റിൽ ബുൾഡോസറുകൾകൊണ്ട് കെട്ടിടങ്ങൾ ഇടിച്ചു നിരപ്പാക്കി ഡൽഹി കോർപറേഷൻ. രാംലീല മൈതാനത്തിന് അടുത്തുള്ള നൂറ്റാണ്ട് പഴക്കമുള്ള ഫായ്‌സ്–ഇ–ഇലാഹി മസ്‌ജിദിന് സമീപമുള്ള കെട്ടിടങ്ങളാണ് ബുധൻ പുലർച്ചെ ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ വൻപൊലീസ് സന്നാഹത്തോടെ 32 ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. പൊളിക്കലിനെതിരെ മസ്‌ജിദ് ഭരണസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇടിച്ചുനിരത്തൽ.
ഇതേ പ്രദേശത്ത് 1976 ഏപ്രിലിൽ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്‌ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നഗരനവീകരണമെന്ന പേരിൽ മുസ്‌ലിങ്ങളുടെ ചേരികൾ ഇടിച്ചുനിരത്തുകയും ചെറുത്തുനിന്ന നൂറോളം പേരെ വെടിവച്ചു കൊല്ലുകയും ചെയ്‌തിരുന്നു.
‘അനധികൃതകൈയേറ്റം’ ഒഴിപ്പിക്കുമെന്ന പിടിവാശിയിലാണ് ബുധനാഴ്‌ച വെളുപ്പിന് ബുൾഡോസറുമായി കോർപറേഷൻ അധികൃതരെത്തിയത്. മസ്‌ജിദ് പൊളിക്കാനുള്ള നീക്കം തടയാൻ നാട്ടുകാർ സജ്ജരായതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന്, റോഡുകൾ അടച്ചു. കൂടുതൽ പൊലീസും ദ്രുതകർമസേനയും രംഗത്തിറങ്ങി.
കണ്ണീർവാതകം പ്രയോഗിച്ചതോടെ നാട്ടുകാർ പിരിഞ്ഞു. അഞ്ച് പേരെ അറസ്റ്റ്‌ചെയ്‌തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നത് പതിവാണ്. ഫായിസ് –ഇ–ഇലാഹി മസ്‌ദിജിന് അടുത്തുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള കോർപറേഷന്റെ നീക്കത്തിനെതിരെ മസ്ജിദ് ഭരണസമിതി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നഗരവികസന മന്ത്രാലയത്തിനും മുനിസിപ്പൽ കോർപറേഷനും ഡൽഹി ഡവലപ്പ്‌മെന്റ് അതോറിറ്റിക്കും കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. നാലാഴ്‌ചയ്‌ക്കകം മറുപടി ഫയൽ ചെയ്യണമെന്ന് നിർദേശിച്ച് ജസ്റ്റിസ് അമിത് ബൻസാൽ കേസ് ഏപ്രിൽ 22ലേക്ക് മാറ്റി. ഇതിനുപിന്നാലെയാണ് ഇടിച്ചുനിരത്തൽ.
തുർക്ക്‌മാൻ ഗേറ്റിൽ അടിയന്തരാവസ്ഥയുടെ ആവർത്തനം
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളെ ഓർമിപ്പിക്കുംവിധമാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ ബുൾഡോസറുകളാൽ തുർക്ക്‌മാൻ ഗേറ്റിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ഡൽഹിയിലെ ചേരികൾ ഒഴിപ്പിക്കാൻ സഞ്ജയ് ഗാന്ധി പദ്ധതി ആവിഷ്‌കരിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നിർദേശപ്രകാരം ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പരിസരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചപ്പോൾ (ഫയൽ ഫോട്ടോ)
സഞ്ജയ് ഗാന്ധിയുടെ നിർദേശപ്രകാരം ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പരിസരത്തുള്ള ചേരികളും കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി തയ്യാറാക്കിയത്. 1976 ഏപ്രിലിൽ ബുൾഡോസറുകളുമായി അധികൃതർ തുർക്ക്മാൻ ഗേറ്റിലെത്തി. പതിറ്റാണ്ടുകളായി അവിടെ താമസിച്ചിരുന്ന ആയിരക്കണക്കിനാളുകളോട് വീടുകൾ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
വീടുകൾ തകർക്കുന്നതിനെതിരെ പ്രാദേശവാസികൾ ചെറുത്തുനിന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിതുറന്നു. ഏപ്രിൽ 19-ന് പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ പൊലീസ് വെടിയുതിർത്തു. അന്ന് നൂറുപേരോളം കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ട്. സെൻസർഷിപ്പ് നിലവിലുള്ളതിനാൽ കൃത്യമായ വാർത്തകൾ പുറത്തുവന്നില്ല. വെടിവയ്‌പ്പിൽ ഇരുപത് പേരിലധികം കൊല്ലപ്പെട്ടതായി അടിയന്തരാവസ്ഥയ്‌ക്കുശേഷം വന്ന ഷാ കമീഷൻ റിപ്പോർട്ട് സ്ഥിരീകരിച്ചു. എന്നാൽ നൂറോളം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അധികാര ദുർവിനിയോഗമാണ് ഇടിച്ചുനിരത്തലെന്ന് കമീഷൻ വിലയിരുത്തി. ഇതേ തുർക്ക്‌മാൻ ഗേറ്റിലാണ് വർഷങ്ങൾക്കുശേഷം ബിജെപി ബുൾഡോസറുകളുമായെത്തിയത്.











0 comments