ad
Deshabhimani

ഡൽഹിയിൽ വീണ്ടും വിദ്യാര്‍ഥി പ്രക്ഷോഭം

തകര്‍ന്ന ഹോസ്റ്റൽ കെട്ടിടത്തിലെ തെരച്ചിൽ അവസാനിപ്പിച്ചു, കൂടുതൽ പേര്‍ കുടുങ്ങി കിടപ്പുണ്ടെന്ന് ആശങ്ക; പ്രക്ഷോഭവുമായി വിദ്യാര്‍ഥികൾ

Delhi building collapse
വെബ് ഡെസ്ക്

Published on Sep 09, 2026, 11:00 AM | 1 min read

ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് സത്യാനികേതനിൽ വിദ്യാര്‍ഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ തെരച്ചിലും രക്ഷാ പ്രവര്‍ത്തനവും അവസാനിപ്പിച്ച് ഡൽഹി പൊലീസും സര്‍ക്കാരും. കൂടുതൽ പേര്‍ ഇനിയും കുടുങ്ങി കിടപ്പുണ്ടെന്ന വിദ്യാര്‍ഥികളുടെ അറിയിപ്പ് തള്ളിയാണ് തെരച്ചിൽ നിര്‍ത്തിയത്. ഇതോടെ അവര്‍ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചു. നൂറ്റമ്പതോളം വിദ്യാര്‍ഥികൾ സമരരംഗത്തുണ്ട്. കൂടുതൽ പേര്‍ എത്തിച്ചേരുന്നു.


അപകടത്തിൽ അകപ്പടുകയും കാണാതാവുകയും ചെയ്തവരെ ഇനിയും കണ്ടെത്താനും വിവരങ്ങൾ അറിയാനുമുണ്ട്. ഇത് അവഗണിച്ചാണ് അധികൃതരുടെ പിൻമാറ്റം. തുടക്കം തന്നെ മരണ സംഖ്യ കുറച്ചുകാണിക്കുന്നതായി വിദ്യാര്‍ഥികൾ പരാതിപ്പെട്ടിരുന്നു. ഹോസ്റ്റൽ കെട്ടിടം തകര്‍ന്നുണ്ടായ അടകടത്തിൽ ഏഴ് പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ട കണക്ക്. എന്നാൽ ഇനിയും മുന്നോ നാലോ വിദ്യാര്‍ഥികളെ കുറിച്ച് വിവരങ്ങൾ ലഭിക്കാനുണ്ട്.


ഇനിയും കണ്ടെത്താനുള്ളവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിനിധി ഉന്നയൻ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികളുടെ രക്ഷിതാക്കൾ എയിംസ് സഫ്ദർജങ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഇനിയും തിരച്ചിൽ നടത്തിയിട്ടില്ലെന്നും അവിടെ നിര്‍മാണത്തിൽ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും വിദ്യാര്‍ഥികൾ ചൂണ്ടി കാണിക്കുന്നു. എന്നാൽ ഇതിനൊന്നും അധികൃതര്‍ കൃത്യമായ മറുപടി നൽകില്ല. ഏകപക്ഷീയമായി തെരച്ചിൽ അവസാനിപ്പിക്കയായിരുന്നു.


അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും എയിംസ് ട്രോമ സെന്ററിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ആശയക്കുഴപ്പവും പ്രതിഷേധവും വർധിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമര രംഗത്തുള്ളവര്‍ ആവശ്യപ്പട്ടു.


അപടകത്തിന് പിന്നാലെ വിദ്യാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. മുന്നും നാലും പേര്‍ ഒന്നിച്ച് താമസിക്കുന്ന മുറികളാണ് പൊലീസും അധികൃതരും അധികമായി ലക്ഷ്യം വെക്കുന്നത്. കെട്ടിടങ്ങളുടെ നിര്‍മാണവും പരിപാലനവും ഉറപ്പ് വരുത്താത്ത ഡൽഹി സര്‍ക്കാരിന്റെ വീഴ്ചകൾക്ക് ഇപ്പോൾ വിദ്യാര്‍ഥികൾ വില നൽകേണ്ടി വരുന്ന സാഹചര്യമാണ്. ഇതിനിടെ ദുരന്തം ഉണ്ടായിട്ടും അതിൽ ഉത്തരവാദിത്വം കാണിക്കാതെ പിൻമാറുകയാണ് എന്നും അവര്‍ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home