ad
Deshabhimani

സമയം വൈകി ഗുരുവായൂർ - എറണാകുളം പാസഞ്ചർ; കോച്ചുകളും വെട്ടിക്കുറച്ചു, യാത്രക്കാർ ദുരിതത്തിൽ

passenger guruvayur ekm
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2026, 11:12 AM | 1 min read

തൃശൂർ : എറണാകുളം ഭാഗത്തേക്കുള്ള സാധാരണ യാത്രക്കാരുടെ പ്രധാന ആശ്രയമായ ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. 18 കോച്ചുണ്ടായിരുന്ന വണ്ടിയിൽ കോച്ചുകൾ വെട്ടിക്കുറച്ചതും യാത്രാ ദുരിതം ഇരട്ടിയാക്കി. വിദ്യാർഥികളും പഠനത്തിനും തൊഴിലിനുമായി സ്ത്രീകളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ദിവസവും ഈ വണ്ടിയിൽ എറണാകുളം ഭാഗത്തേക്ക്‌ പോകുന്നത്. രാവിലെ 6.50ന് ഗുരുവായൂരിൽനിന്ന്‌ പുറപ്പെട്ട് 9.25ന്‌ എറണാകുളം ജങ്‌ഷനിൽ എത്തിയിരുന്നു. എന്നാൽ ഏതാനും ആഴ്ചകളായി മുക്കാൽ മണിക്കൂറോളം ട്രെയിൻ വൈകുകയാണ്‌.


ഗുരുവായൂരിൽനിന്ന്‌ കൃത്യമായി പുറപ്പെട്ടാലും അരമണിക്കൂറോളം വൈകും. വൈകി ഓടുന്ന മറ്റ് എക്സ്പ്രസ്‌ വണ്ടികൾക്കായി ഈ ട്രെയിൻ വഴിയിൽ പിടിച്ചിടുന്നതും പതിവാണ്. അതുകൂടിയായാൽ 45 മിനിറ്റ്‌ വരെ വൈകുന്നുണ്ട്‌. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സമയത്തിന് എത്താനാകാതെ യാത്രികർ ബുദ്ധിമുട്ടുകയാണ്‌. 18 കോച്ചുണ്ടായിരുന്നപ്പോൾപ്പോലും നിറഞ്ഞോടിയിരുന്ന 56313 പാസഞ്ചറിന്‌ ഓണത്തിന്‌ ശേഷം പതിനഞ്ചോ പതിനാറോ കോച്ചുകൾ മാത്രമാണുള്ളത്. അതിനാൽ തൃശൂരിൽ എത്തുമ്പോൾത്തന്നെ വണ്ടി നിറയും. ചാലക്കുടി എത്തുമ്പോഴേയ്ക്കും കയറാൻപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്‌.


24 കോച്ചുകൾക്കാണ്‌ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ സ്ഥാനം. 15 കോച്ചുള്ള ഇ‍ൗ ട്രെയിനിന്റെ എൻജിൻ തൃശൂരിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങളിലാണ് നിർത്തുക. തന്മൂലം ട്രെയിൻ കാത്ത് നിൽക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ട ഗതികേടാണ്‌. ഗുരുവായൂർ - എറണാകുളം പാസഞ്ചറിൽ ഉടൻ 18 കോച്ചുകൾ പുനഃസ്ഥാപിക്കണമെന്ന്‌ തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. വണ്ടി കൃത്യസമയം പാലിക്കണം. എൻജിൻ നിർത്തുന്നതിന് പ്ലാറ്റ്‌ഫോമിൽ സ്ഥിരം സ്ഥാനം അടയാളപ്പെടുത്തണം. ഈ ട്രെയിനിന്‌ പകരം 16 കാർ മെമു അനുവദിച്ചാൽ യാത്രക്കാർക്ക്‌ ഗുണകരമാവുമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷൻ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home