'വിവരം നൽകിയത് ആഭ്യന്തരവകുപ്പ്, അത് എന്റെ വകുപ്പല്ലല്ലോ'; എംഡിഎംഎ കേസിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചുവെന്ന മുൻ പ്രതികരണത്തിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. നേരത്തെ വാർത്താസമ്മേളനത്തിൽ ഫോണുകൾ പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും, ആഭ്യന്തര വകുപ്പ് ഈ അവകാശവാദം തള്ളിയിരുന്നു. തനിക്ക് ലഭിച്ച വിവരം ആഭ്യന്തര വകുപ്പ് നൽകിയതാണെന്നും അത് തന്റെ വകുപ്പല്ലല്ലോ എന്നുമായിരുന്നു ഇന്നത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള മൂന്ന് പേരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ആറ് ഫോൺ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കാൻ പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടില്ല. മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ഡിജിറ്റൽ തെളിവ് പുറത്താകാതിരിക്കാനാണ് നടപടി. ഫോണിലെ സിഡിആർ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കും കത്ത് നൽകിയിട്ടില്ല. കാൾ, ദിവസം, സമയം, ദൈർഘ്യം തുടങ്ങിയവ ഇതുവഴി കണ്ടെത്താനാകും. എന്നാൽ, വാട്‌സാപ്, ഇൻസ്‌റ്റഗ്രാം, ടെലഗ്രാം വഴിയുള്ള ചാറ്റ്, കാൾ, മെസേജുകൾ തുടങ്ങിയവ കണ്ടെത്താനും ഡിലീറ്റ് ചെയ്‌തവ തിരിച്ചെടുക്കാനും ഫോറൻസിക് പരിശോധന വേണം. അതു വേണ്ടെന്നാണ് ചന്തേര പൊലീസിന് ലഭിച്ച കർശന നിർദേശം.
അതേസമയം, പ്രതിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകാൻ ഇതുവരെ തയാറായിട്ടില്ല. നവകേരള സദസ്സിൽ മർദനമേറ്റശേഷമാണ് ഹുസൈനെ പരിചയമെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി ഇഷ്‌ടംപോലെ പലരും വന്നുകാണും, പലരും ഫോട്ടോ എടുത്തുകാണുമെന്ന പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. നവകേരള സദസിന് രണ്ടുവർഷംമുമ്പേ ഇരുവരും തമ്മിലുള്ള ഫോട്ടോയടക്കം പുറത്തുവന്നതോടെയാണ് മുമ്പ് പറഞ്ഞത് മാറ്റിപ്പറഞ്ഞത്.









0 comments