സ്റ്റുഡന്റ് ടെനന്റ്സ് യൂണിയൻ; വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തി എസ്എഫ്ഐ

ന്യൂഡൽഹി : ഡൽഹിയിലെ വിദ്യാർഥികൾ നേരിടുന്ന വാടക ചൂഷണം, വിവേചനം, പീഡനം, സുരക്ഷിതമല്ലാത്ത താമസസൗകര്യങ്ങൾ എന്നിവക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ എസ്‌എഫ്‌ഐ. ഡൽഹി ‘സ്റ്റുഡന്റ് ടെനന്റ്സ് യൂണിയൻ ഡൽഹി’ (STUD) വീണ്ടും ആരംഭിച്ചു. പിജി ഉടമകളുടെയും ഭൂവുടമകളുടെയും ചൂഷണത്തിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കാനാണ് ശ്രമമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. കോവിഡ് കാലത്ത് ഒഴിപ്പിക്കൽ ഭീഷണിയും നിർബന്ധിത വാടക ഈടാക്കലും നേരിട്ട വിദ്യാർഥികളെ സഹായിക്കുന്നതിനായി 2020ലാണ് ഈ കൂട്ടായ്മ ആദ്യം രൂപീകരിച്ചത്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിലെ സത്യനികേതനിൽ പി ജി കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾ മരിച്ച സംഭവം, ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ സ്വകാര്യ പിജികളിൽ താമസിക്കാൻ നിർബന്ധിതരാകുന്ന വിദ്യാർഥികളുടെ ദുരവസ്ഥ വ്യക്തമാക്കുന്നതാണെന്ന് എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാത്ത താമസസ്ഥലങ്ങളിൽ ലഭിക്കുന്നതിനു പുറമെ അമിതവാടകയാണ് ചുമത്തുന്നത്.
വിദ്യാർഥികളുടെ താമസ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കുക, പ്രശ്നങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക എന്നിവയാണ് ടെനന്റ്സ് യൂണിയന്റെ ലക്ഷ്യങ്ങൾ. കേസുകളിൽ പൊലീസിന്റെയും നിയമസംവിധാനങ്ങളുടെയും ഇടപെടൽ ഉറപ്പാക്കാനും യൂണിയൻ പ്രവർത്തിക്കും.
എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കണമെന്നും വാടകവീടുകളിലും പിജികളിലും കഴിയുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ കൂട്ടായ പോരാട്ടം നയിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി








0 comments