print edition ലക്ഷ്യമിട്ടത് 
വന്‍ ആക്രമണം ; ദുരൂഹത നീങ്ങുന്നില്ല

delhi blast
avatar
എം അഖിൽ

Published on Nov 13, 2025, 04:38 AM | 2 min read

ന്യൂ‍ഡൽഹി

രാജ്യതലസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങളെ അട്ടിമറിച്ച്‌ ചെങ്കോട്ടയ്‌ക്ക്‌ സമീപം സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ ഭീകരസംഘം വൻ ആക്രമണങ്ങൾക്ക്‌ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്‌. 2008ലെ മുംബൈ ഭീകരാക്രമണത്തിന്‌ സമാനമായി ഡൽഹിയിലെ ചെങ്കോട്ട, ഇന്ത്യാഗേറ്റ്‌,‍ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്, പ്രമുഖ ആരാധനാലയങ്ങൾ, ഉത്തർപ്രദേശിലെ ഗുരുഗ്രാം, ഹരിയാനയിലെ ഫരീദാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആൾനാശമുണ്ടാക്കുന്ന ഭീകരാക്രമണങ്ങളാണ്‌ പദ്ധതിയിട്ടത്‌. ജനുവരിയിൽ തയ്യാറെടുപ്പ് തുടങ്ങി. ഇരുനൂറോളം ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസുകൾ (ഐഇഡി) തയ്യാറാക്കി. മൂന്ന്‌ ടണ്ണോളം അമോണിയം നൈട്രേറ്റും അനുബന്ധ സാമഗ്രികളും ഹരിയാനയിലെ രണ്ടിടത്ത്‌ സമാഹരിച്ചു. എന്നാൽ,സംഘത്തിലെ നിരവധി പേർ ഒറ്റയടിക്ക്‌ ജമ്മു കശ്‌മീര്‍ പൊലീസിന്റെ പിടിയിലായതോടെ നീക്കം പൊളിഞ്ഞു. അതിനിടെ ചെങ്കോട്ടയിലേത്‌ ഭീകരാക്രമണം തന്നെയാണെന്ന്‌ കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. സ്‌ഫോടകവസ്‌തു അബദ്ധവശാൽ പൊട്ടിയതാണെന്ന എൻഐഎ വാദമാണ്‌ മന്ത്രിസഭായോഗം തിരുത്തിയത്‌. ​


ജനുവരി 26ന്‌ ചെങ്കോട്ട ലക്ഷ്യമിട്ടെന്ന്​

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടതായി അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ചെങ്കോട്ടയ്‌ക്ക്‌ സമീപം സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയും അറസ്റ്റിലായ ഡോ. മുസമ്മിലും ജനുവരിയിൽ പലതവണ ചെങ്കോട്ട സന്ദർശിച്ചതായി മൊബൈൽഫോൺ ടവർ ലൊക്കേഷൻ വിവരങ്ങളും സിസിടിവി ദൃശ്യവും വ്യക്തമാക്കുന്നു. ദീപാവലി സമയത്ത്‌ മാർക്കറ്റുകൾ ലക്ഷ്യമിടാൻ പദ്ധതിയിട്ടെന്നും അറസ്റ്റിലായ ഡോക്‌ടർമാർ സമ്മതിച്ചിട്ടുണ്ട്‌. അൽഫലാഹ്‌ സർവകലാശാലയിലെ മൂന്ന്‌ ഡോക്‌ടർമാരെകൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. എൻഐഎ സംഘം അൽഫലാഹ്‌ ക്യാംപസിൽ അന്വേഷണം തുടങ്ങി.


സ്‌ഫോടനം നടന്ന്‌ രണ്ടുദിവസം പിന്നിട്ടിട്ടും ഫരീദാബാദ്‌ ഭീകരസംഘവുമായി ബന്ധപ്പെട്ട എത്രപേർ ഒളിവിലുണ്ടെന്നോ എത്ര വാഹനങ്ങൾ ഇവരുടെ പക്കലുണ്ടെന്നോ വ്യക്തമായിട്ടില്ല. ഐ ട്വന്റി കാറുമായെത്തി സ്‌ഫോടനം നടത്തിയ ഉമറിന്‌ ഫോർഡ്‌ എക്കോസ്‌പോർട്ട്‌ കാറുകൂടി ഉണ്ട് എന്ന വിവരം ആശങ്ക ഉയര്‍ത്തിയെങ്കിലും ബുധൻ വൈകിട്ടോടെ ഉമറിന്റെ സുഹൃത്തിന്റെ ഹരിയാനയിലെ ഫാംഹ‍ൗസിൽനിന്ന്‌ കാർ കണ്ടെത്തി. ഉമറും മറ്റും പ്രവർത്തിച്ചിരുന്ന അൽഫലാഹ്‌ സർവകലാശാലയിലെ ഡോക്‌ടറെ തിങ്കളാഴ്‌ച്ചയ്‌ക്കുശേഷം കാണാതായി. ജമ്മു കശ്‌മീരിലെ മെഡിക്കൽ കോളേജിൽനിന്ന്‌ ഭീകരബന്ധത്തിന്റെ പേരിൽ 2023ൽ പുറത്താക്കിയ ഡോ. നിസാർ ഉൽ ഹസനെയാണ്‌ കാണാതായത്‌. അറസ്റ്റിലായ വനിതാ ഡോക്‌ടർ ഷഹീനുമായി ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നു.


​​ഡൽഹി സ്‌ഫോടനസ്ഥലത്ത്‌നിന്ന്‌ ഫോറൻസിക്‌ സംഘം അമോണിയം നൈട്രേറ്റിന്‌ പുറമേ ഉഗ്ര സ്‌ഫോടകവസ്‌തുക്കളുടെ സാന്പിളുകളും കണ്ടെടുത്തു. വെടിയുണ്ട, രണ്ട്‌ കാട്രിഡ്‌ജ്‌, നിരവധി സ്‌ഫോടകവസ്‌തുക്കൾ തുടങ്ങി 40ഓളം സാന്പിളുകൾ ശേഖരിച്ചു. സ്‌ഫോടനം നടത്തിയ ഉമർ ഐഇഡി കൃത്യമായി സംയോജിപ്പിച്ചിരുന്നില്ലെന്നാണ് ഇന്റലിജൻസ്‌ വൃത്തങ്ങൾ പറയുന്നത്. ചെങ്കോട്ടയ്‌ക്ക്‌ സമീപം ഉമർ മൂന്ന്‌ മണിക്കൂർ കാത്തിരുന്നത്‌ എന്തെങ്കിലും നിർദേശങ്ങൾക്കായാണോ എന്നും അന്വേഷിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home