ഡൽഹിയിൽ വീണ്ടും ശ്വാസംമുട്ടി ജനങ്ങൾ; വായുനിലവാരം അതീവ ഗുരുതരം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു. ഇതോടെ നഗരം വീണ്ടും അതീവ ഗുരുതര വിഭാഗത്തിലായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 234 ആയിരുന്ന എക്യുഐ ആണ് ഒറ്റയടിക്ക് 332-ലേക്ക് ഉയർന്നത്. നഗരത്തിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ എട്ടെണ്ണത്തിൽ വായുനിലവാരം 400-ന് മുകളിൽ രേഖപ്പെടുത്തി.
ആനന്ദ് വിഹാർ, ബവാന, ജഹാംഗീർപുരി, രോഹിണി, വിവേക് വിഹാർ തുടങ്ങിയ മേഖലകളിലാണ് മലിനീകരണം ഏറ്റവും രൂക്ഷം. മലിനീകരണത്തിന് പിന്നിൽ വാഹനങ്ങളും വ്യവസായങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു (19.7%).
തൊട്ടുപിന്നാലെ വ്യവസായ ശാലകളും (10.1%) വീടുകളിൽ നിന്നുള്ള പുകയും വായുനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ച ശക്തമാകുന്നതോടെ വായുനിലവാരം ഇനിയും മോശമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത ആറ് ദിവസത്തേക്ക് ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം പ്രവചിക്കുന്നത്. അതേസമയം, നഗരത്തിലെ താപനില പരമാവധി 22.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 7.7 ഡിഗ്രി സെൽഷ്യസുമായി തുടരുന്നു. വരും ദിവസങ്ങളിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.










0 comments