വായു മലിനീകരണം അതിരൂക്ഷം; ഡൽഹിയിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർബന്ധമാക്കി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ നിലയിൽ തുടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. തലസ്ഥാനത്തെ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടു.
നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വൻ തുക പിഴ ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. മലിനീകരണ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ട നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ പകുതി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. ഇത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകൾക്ക് ഈ നിയന്ത്രണത്തിൽ ഇളവുണ്ട്. അന്തരീക്ഷത്തിലെ വായു ഗുണനിലവാര സൂചിക അതിതീവ്ര വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ട്രക്കുകൾ പ്രവേശിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായു മലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ.










0 comments