ഡൽഹി വായുമലിനീകരണം; വർക്ക് ഫ്രം ഹോം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ, സർക്കാർ നിർദ്ദേശിച്ച വർക്ക് ഫ്രം ഹോം നയം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി സർക്കാർ.
സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകണമെന്ന ഉത്തരവ് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിനും തൊഴിൽ വകുപ്പിനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നിർദ്ദേശം നൽകി.
മലിനീകരണ നിയന്ത്രണത്തിനായുള്ള ജിആർഎപി-4 നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓഫീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പൂർണ്ണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്.
സർക്കാർ ഓഫീസുകളിൽ ഇതിനോടകം തന്നെ പകുതി ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇത് സ്വകാര്യ മേഖലയിലും നിർബന്ധമാക്കാനാണ് സർക്കാരിന്റെ നീക്കം. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണ തോത് നിയന്ത്രിക്കാനാണ് ഈ നടപടി കൊണ്ട് ലക്ഷ്യമിടുന്നത്.
വരും ദിവസങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ എയർ ക്വാളിറ്റി ഇൻഡക്സ് ഇപ്പോഴും അതീവ ഗുരുതര സാഹചര്യത്തിൽ തുടരുകയാണ്.










0 comments