രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്; വിദ്യാർഥികൾ ഇല്ലാത്ത സ്കൂളുകൾ വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണം കഴിഞ്ഞ ആറ് വർഷത്തിനിടെ കുറഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ അവതരിപ്പിച്ച യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (യുഡിഐഎസ്ഇ പ്ലസ് UDISE+) കണക്കുകൾ പ്രകാരം, 2019-20-ലെ 10.32 ലക്ഷം സർക്കാർ സ്കൂളുകൾ 2024-25-ൽ 10.13 ലക്ഷമായി കുറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ മൊത്തം സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2019-20-ൽ 10.32 ലക്ഷം സർക്കാർ സ്കൂളുകൾ ഉണ്ടായിരുന്നത് 2024-25-ൽ 10.13 ലക്ഷമായി കുറഞ്ഞു. വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനെ തുടർന്ന് അടച്ചുപൂട്ടിയതോ, ലയിപ്പിച്ചതോ, മറ്റ് ആവശ്യങ്ങൾക്കായി മാറ്റിയതോ ആയ സ്കൂളുകളുടെ കൃത്യമായ എണ്ണം കണക്കുകളിൽ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, പത്തോ അതിൽ താഴെയോ വിദ്യാർഥികൾ മാത്രമുള്ളതോ അല്ലെങ്കിൽ വിദ്യാർത്ഥികൾ ഇല്ലാത്തതോ ആയ സർക്കാർ സ്കൂളുകളുടെ എണ്ണം വർധിച്ചതായും ഡാറ്റ കാണിക്കുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുകയും വിദ്യാർത്ഥികളുടെ എണ്ണം നാമമാത്രമാവുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിൻ്റെ പുതിയ കണക്കുകൾ, രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.








0 comments