കൊലയ്ക്ക് ശേഷം പിതാവിനെ വിളിച്ചറിയിച്ചു
പെൺകുട്ടിയുമായി ചങ്ങാത്തംകൂടി: 18 കാരനായ ദളിത് വിദ്യാര്‍ഥിയെ വിളിച്ചു വരുത്തി തല്ലിക്കൊന്നു

ന്യൂ തെഹ്‌രി: സവര്‍ണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരിൽ പതിനെട്ടുകാരനായ ദളിത് യുവാവിനെ അടിച്ചുകൊന്നു. അക്രമത്തിൽ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല അരങ്ങേറിയത്.
ദേവൽ ഗ്രാമവാസിയായ കേതൻ ലാൽ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ദിവാകർ ഡിംരിയെ ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖോൽഗഡ് ഗ്രാമത്തിലെ പെൺകുട്ടിക്കും കേതൻ ലാലിനും ഇടയിലെ സൗഹൃദത്തിൽ പ്രകോപിതമായാണ് ആസൂത്രിത ക്രൂര കൃത്യം.
ഞായറാഴ്ച രാത്രി ഖോൽഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കേതന്റെ പിതാവ് ധൻപാൽ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ആറുമാസമായി ഖോൽഗഡ് സ്വദേശിയായ പെൺകുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടിയെ കൊണ്ട് കേതനെ ഫോണിൽ വിളിപ്പിച്ചു. തുടര്‍ന്ന് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തായ ദിവാകർ ഡിംരിക്കൊപ്പമാണ് കേതൻ ഖോൽഗഡിൽ എത്തിയത്.
ഇരുവരും സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇവരെ ഒരു മുറിയിൽ പൂട്ടിയിടുകയും വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് കേതന്റെ പിതാവായ ധൻപാൽ ലാലിനെ ഫോണിൽ വിളിച്ച് മകനെ കുറിച്ച് അറിയിക്കുകയും തിരികെ എടുത്ത് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ധൻപാൽ ലാൽ സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന കേതനെ ഉടൻ തന്നെ ചൗന്ദ് ലാംബ്‌ഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പ്രതികൾക്കെതിരെ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ (SC/ST Act) സെക്ഷൻ 3(2)(v) പ്രകാരവും കേസെടുത്തതായി തെഹ്‌രി ഗർവാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) ശ്വേത ചൗബേ അറിയിച്ചു.










0 comments