ad
Deshabhimani

'നിന്നെപ്പോലുള്ളവർ കുതിരപ്പുറത്ത് കയറേണ്ട'; മധ്യപ്രദേശിൽ ദളിത് യുവാവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി മർദ്ദിച്ചു

Dalit.jpg
വെബ് ഡെസ്ക്

Published on Apr 22, 2026, 01:37 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ വിവാഹഘോഷയാത്രയ്ക്കിടെ ദളിത് യുവാവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ബിജോരി പഥക് ഗ്രാമത്തിലാണ് സംഭവം. 23 വയസ്സുകാരനായ ഗോലു അഹിർവാറിന് നേരെയാണ് ആക്രമണമുണ്ടായത്.


ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാവാണ് ഗോലു. വിവാഹത്തിന് മുന്നോടിയായുള്ള 'രച്ച്വായ്' എന്ന ചടങ്ങിന്റെ ഭാഗമായി കുതിരപ്പുറത്ത് നീങ്ങുകയായിരുന്നു ഗോലുവും കുടുംബവും. എന്നാൽ, ഉയർന്ന ജാതിക്കാരായ ചിലർ ഘോഷയാത്ര തടയുകയും "നിന്നെപ്പോലുള്ളവർക്ക് കുതിരപ്പുറത്ത് കയറാൻ അവകാശമില്ല" എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.


തടയാൻ ശ്രമിച്ച ഗോലുവിന്റെ സഹോദരി മനീഷയ്ക്കും മർദ്ദനമേറ്റു. മനീഷയുടെ സ്വർണ്ണാഭരണങ്ങൾ അക്രമികൾ കവർന്നതായും കുടുംബം പരാതിപ്പെട്ടു. വഴിയിൽ വാഹനം കുറുകെ ഇട്ടാണ് അക്രമികൾ ഘോഷയാത്ര തടസ്സപ്പെടുത്തിയത്. തുടർന്ന് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.


സംഭവത്തിൽ വിശ്വനാഥ് ലോധി, ചിന്റു ലോധി എന്നിവരടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്‌സി/എസ്ടി നിയമപ്രകാരമാണ് ഹട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ ഗ്രാമത്തിൽ ഇതിനുമുമ്പും സമാനമായ രീതിയിൽ ദളിത് വിഭാഗങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.


ആക്രമണത്തിന് പിന്നാലെ പൊലീസ് സംരക്ഷണയിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home