ഇന്ത്യ അതിനിർണായക കാലഘട്ടത്തിലൂടെ കടന്നുപോകുന്നു: ഫെഡറലിസം അപകടത്തിലെന്നതിന്റെ ഉദാഹരണമാണ് ലഡാക്ക്: ഡി രാജ


സ്വന്തം ലേഖകൻ
Published on Sep 29, 2025, 07:28 PM | 1 min read
ന്യൂഡൽഹി: ഇന്ത്യ അതിനിർണായക കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആർഎസ്‌സ്–ബിജെപി നേതൃത്വത്തിലുള്ള ഭരണം രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യയിലെ ഫെഡറലിസം അപകടത്തിലാണെന്നും ലഡാക്ക് അതിന് ഉദാഹരണമാണെന്നും രാജ പറഞ്ഞു.
ആർഎസ്‌സ്–ബിജെപി നേതൃത്വത്തിലുള്ള ഭരണം രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കോർപറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യ ചിഹ്നത്തിലാണ്. വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. ചണ്ഡിഗഡിൽ നടന്ന സിപിഐ 25–ാം പാർടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇന്ത്യ കൂട്ടായ്‌മയിലുള്ള പാർടികൾ തമ്മിൽ പരസ്‌പര ധാരണയുണ്ടായിരിക്കണം. തെരഞ്ഞെടുപ്പിൽ എല്ലാ കക്ഷികൾക്കും കൃത്യമായി സീറ്റുകൾ നൽകണം. ബിഹാർ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പാർടി കോൺഗ്രസിലുണ്ടായത്. കേരളത്തിലെ സർക്കാരിനെ മാതൃകയാക്കേണ്ടതാണെന്നും ഡി രാജ പറഞ്ഞു.
മവോയിസ്റ്റുകൾക്ക് ധാർമിക പിന്തുണ നൽകുന്നത് ഇടതുപാർടികളാണ് എന്ന അമിത് ഷായുടെ പ്രസ്‌താവനയോടും ഡി രാജ പ്രതികരിച്ചു. ഏതു തരത്തിലുള്ള ധാർമിക പിന്തുണയാണ് നൽകുന്നതെന്ന് വ്യക്തമാക്കണം. മാവോയിസ്റ്റുകൾ ചർച്ചയ്‌ക്ക് തയ്യാറായിട്ടും കേന്ദ്ര സർക്കാർ വെടിനിർത്തൽ അവസാനിപ്പിച്ചിട്ടില്ല. മാവോയിസ്റ്റുകളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്.– ഡി രാജ പറഞ്ഞു.
കരൂർ ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യന്ത്രി സഹായവും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം റാലികൾ സംഘടിപ്പിക്കുമ്പോൾ ജനത്തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ കർശനമായും പാലിക്കണം. ഭാവിയിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.– ഡി രാജ കൂട്ടിച്ചേർത്തു.











0 comments