ദിത്വാ: തമിഴ്‌നാട്ടിൽ മഴ തുടരുന്നു, ആന്ധ്രയിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്

ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടെങ്കിലും തുടർച്ചയായ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നതിനും കാരണമായി. വ്യോമ ഗതാഗതത്തെയും ഇത് ബാധിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള പോർട്ട് ബ്ലെയർ സെക്ടറിലേക്കുള്ള പത്തോളം വിമാനങ്ങൾ റദ്ദാക്കി.
തുടർച്ചയായ മഴയെത്തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജില്ലാ കളക്ടർമാരുമായി അവലോകന യോഗം ചേരുകയും മഴക്കെടുതി വിലയിരുത്തുകയും ചെയ്തു. കാവേരി ഡെൽറ്റാ ജില്ലകളിലെ കൃഷിനാശം സംബന്ധിച്ച് അദ്ദേഹം കളക്ടർമാരിൽ നിന്നും കാർഷിക വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടി. ചെന്നൈയിൽ പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. വെള്ളം കയറിയ വേളച്ചേരി, മറ്റ് ദക്ഷിണ ചെന്നൈ മേഖലകൾ എന്നിവിടങ്ങളിൽ സാധ്യമായ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ സജ്ജമാക്കി വെച്ചിട്ടുണ്ട്. രാമേശ്വരത്ത് തുടർച്ചയായ രണ്ട് ദിവസത്തെ മഴയെ തുടർന്ന് തങ്കച്ചിമഠത്തിലെ ഇരുന്നൂറോളം വാസസ്ഥലങ്ങൾ ഒറ്റപ്പെട്ടു.
അതേസമയം, ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീവ്ര ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനിടയിൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. നെല്ലൂർ, തിരുപ്പതി ജില്ലകളിൽ കനത്ത മഴയ്ക്കും മറ്റ് തീരദേശ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.








0 comments