അർണബ് ചുഴലിക്കാറ്റ്: ഗർഭിണികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി; മുൻകരുതലുകളുമായി സംസ്ഥാനങ്ങൾ

ഒഡീഷ: ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്ത് രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ശക്തമാകുന്നതിനിടെ ഒഡീഷയിലെ ഗജപതി ജില്ലയിൽ, 210 ഗർഭിണികളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഗർഭിണികൾക്ക് വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ അക്ഷയ് സുനിൽ അഗർവാൾ പറഞ്ഞു.
ആന്ധ്രാപ്രദേശിലും ഗർഭിണികളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 28 ന് പുലർച്ചയോടെ, മണിക്കൂറിൽ 115–125 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, യാനത്തിന് സമീപം എത്തുമെന്ന് ഐഎംഡി അറിയിച്ചു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ഒക്ടോബർ 28 ന് സംസ്ഥാനത്തിന്റെ തീരത്ത് കൊടുങ്കാറ്റ് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആന്ധ്രാപ്രദേശ് സർക്കാർ അർണാബ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി.
ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഒക്ടോബർ 29ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അർണാബ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേക്ക് അടുക്കുമ്പോൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാന ഭരണകൂടം മുന്നറിയിപ്പ് നൽകി.









0 comments