Deshabhimani

'അക്വാൻ': അതിതീവ്ര ചുഴലിക്കാറ്റായി വെള്ളിയാഴ്ചയോടെ കരതൊടാൻ സാധ്യത; ഒഡീഷയിൽ അതീവ ജാഗ്രത

cyclone ai image
വെബ് ഡെസ്ക്

Published on Nov 19, 2026, 06:57 AM | 2 min read

അമരാവതി/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് വെള്ളിയാഴ്ച (നവംബർ 20) ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യതയെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


ബുധനാഴ്ച ഉച്ചയ്ക്ക് 12.10ന് പുറത്തുവിട്ട അറിയിപ്പ് പ്രകാരം, കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ കാറ്റിന്റെ സഞ്ചാരവേഗത മണിക്കൂറിൽ 7 കിലോമീറ്ററായി വർദ്ധിച്ചിട്ടുണ്ട്. നിലവിൽ വിശാഖപട്ടണത്തുനിന്ന് 580 കിലോമീറ്ററും, മച്ചിലിപട്ടണത്തുനിന്ന് 590 കിലോമീറ്ററും, ഒഡീഷയിലെ ഗോപാൽപൂരിൽ നിന്ന് 710 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.


ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ ചുഴലിക്കാറ്റ് ഒരേ സ്ഥലത്ത് നിൽക്കുകയോ വളരെ സാവധാനം നീങ്ങുകയോ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30ഓടെ മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങിയതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.


ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ നേരിയ മാറ്റമുണ്ടായതിനാൽ വിശാഖപട്ടണത്തിനും നെല്ലൂരിനും ഇടയിലുള്ള ഭാഗങ്ങളിൽ കരതൊടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശിലെ വടക്കൻ ജില്ലകളായ വിശാഖപട്ടണം, അല്ലൂരി സീതാരാമ രാജു, പാർവതീപുരം മന്യം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


തീരദേശ മേഖലകളിൽ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ മൂന്ന് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ആന്ധ്രാ തീരം തൊടുന്നത് വളരെ അപൂർവമായ പ്രതിഭാസമാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ പറഞ്ഞു.


ആന്ധ്രാപ്രദേശിലെ നർസാപൂരിനും ഒഡീഷയിലെ പുരിക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുള്ളതിനാൽ ഒഡീഷ സർക്കാർ അതീവ ജാഗ്രതയിലാണ്. ഇതുവരെ ഏകദേശം 50,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ മുഖ്യമന്ത്രി അറിയിച്ചു. ഗഞ്ചം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്.


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒഡീഷയിലെ എട്ട് ജില്ലകളിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കുകയും, ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home