ad
Deshabhimani

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പർ ചോർത്താൻ ശ്രമം; ഹരിയാനയിൽ രണ്ടുപേർ പിടിയിൽ, ലക്ഷങ്ങളുടെ ഇടപാട്

CSIR NET.jpg
വെബ് ഡെസ്ക്

Published on Dec 23, 2025, 08:37 PM | 1 min read

ചണ്ഡീഗഢ്: രാജ്യത്തെ പ്രമുഖ മത്സരപരീക്ഷയായ സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പർ ചോർത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ ഹരിയാന പൊലീസ് പിടികൂടി. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടാനായിരുന്നു ഇവരുടെ നീക്കം.


പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ കർശന പരിശോധനകൾ നടക്കവെയാണ് തട്ടിപ്പ് ശ്രമം പുറത്തുവന്നത്. ഒരോ ചോദ്യപേപ്പറിനും മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് പ്രതികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെട്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തി.


രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹരിയാന സ്വദേശികളായ പ്രതികൾ വലയിലായത്. പിടിയിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പരീക്ഷാ സംബന്ധമായ ചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവരെ സ്വാധീനിക്കാനായി ഇടനിലക്കാർ വഴി ഇവർ വലിയ ശൃംഖല തന്നെ രൂപീകരിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുമായി ഇവർക്ക് വല്ല ബന്ധവുമുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.


കഴിഞ്ഞ കുറച്ചു കാലങ്ങളായി വിവിധ ദേശീയ പരീക്ഷകൾക്കെതിരെ ഉയരുന്ന ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home