ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

PHOTO CREDIT: FACEBOOK
ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും. കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പ്രചാരണ പരിപാടികളിൽ നടിമാർ പങ്കെടുത്തിരുന്നു. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുതുച്ചേരി പൊലീസെടുത്ത കേസിലാണ് നടപടി.
പുതുച്ചേരി മൂലക്കുളം സ്വദേശി റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അശോകാണ് പുതുച്ചേരി പൊലീസിൽ പരാതി നൽകിയത്. ക്രിപ്‌റ്റോകറൻസി നിക്ഷേപ പദ്ധതിയിലൂടെ തന്നെയും പരിചയക്കാരെയും കബളിപ്പിച്ചെന്നാണ് അശോകന്റെ പരാതി. ഓൺലൈനിൽ ഒരു പരസ്യം കണ്ടാണ് ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതെന്ന് അശോകൻ്റെ പരാതിയിൽ പറയുന്നു.
ആദ്യം 10 ലക്ഷം രൂപയാണ് കമ്പനിയിൽ നിക്ഷേപിച്ചത്. പിന്നീട് 2022 ൽ, കോയമ്പത്തൂരിൽ നടന്ന കമ്പനിയുടെ ഒരു പരിപാടിയിലും അശോകൻ പങ്കെടുത്തിരുന്നു. അതിൽ തമന്ന ഭാട്ടിയയും മറ്റ് സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. കമ്പനിയിൽ വിശ്വാസമായതോടെ അശോകൻ ഒരു കോടി രൂപ നിക്ഷേപിച്ചു. തുടർന്ന് പത്ത് സുഹൃത്തുക്കളെക്കൊണ്ടും കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്നു.
മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിൽ കമ്പനി നടത്തിയ മറ്റൊരു പരിപാടിയിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ നൂറിലധികം നിക്ഷേപകർക്ക് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിലയുള്ള കാറുകൾ പാരിതോഷികമായി നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ കാറിനുപകരം 8 ലക്ഷം രൂപ പണമായി സ്വീകരിക്കാമെന്ന് അശോകൻ അറിയിച്ചു.
ഇത് കമ്പനി നൽകാതായതോടെ കമ്പനി തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചെന്ന് ആരോപിച്ച് അശോകൻ പോലീസിൽ പരാതി നൽകി എന്നാണ് വിവരം. കേസിൽ നിതീഷ് ജെയിൻ (36), അരവിന്ദ് കുമാർ (40) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിൽ തമന്നയ്ക്കും കാജലിനും പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ നടപടിയെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു.










0 comments