56 രൂപയ്ക്ക് കിട്ടേണ്ട പെട്രോൾ; ക്രൂഡ് ഓയിൽവില പകുതിയോളം ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കുന്നില്ല


അമൽ കൃഷ്ണൻ
Published on Feb 14, 2026, 02:45 PM | 2 min read
ന്യൂഡൽഹി: അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവിലയിൽ ഒരു കുറവുംവരുന്നില്ലെന്ന് കണക്കുകൾ. 2022 ജൂണിന് ശേഷം ഇന്ത്യയിൽ പെട്രോൾ വിലയിൽ കേവലം 1.9 ശതമാനം മാത്രമാണ് കുറവുണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതേ കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില 41.5 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഇതുവഴി ലക്ഷക്കണക്കിന് കോടി രൂപയാണ് ജനങ്ങളിൽനിന്ന് പെട്രോളിയം കമ്പനികൾക്ക് പിഴിഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയത്.
അവിടെ കുറഞ്ഞിട്ടും. ഇവിടെ കുറച്ചില്ല
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2022 ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മാർച്ച്-ജൂലൈ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരുന്നു.

എണ്ണവിലയിലുണ്ടായ ഈ വർധനയ്‌ക്ക് പിന്നാലെ, എണ്ണ കമ്പനികൾ 2022 ഏപ്രിലോടെ പെട്രോൾ വില ലിറ്ററിന് 105.1 രൂപയായി (ഡൽഹിയിലെ കണക്ക് പ്രകാരം) ഉയർത്തി. എന്നാൽ, മെയ് മാസത്തിൽ ശരാശരി എണ്ണവില ബാരലിന് 110 ഡോളറിലേക്ക് ഉയർന്നപ്പോൾ, രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 96.7 രൂപയായി (ഡൽഹിയിലെ കണക്ക് പ്രകാരം) നിശ്ചയിക്കുകയും പിന്നീട് അത് മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു. 2024 മാർച്ച് പകുതി വരെ, അതായത് 21 മാസത്തിലേറെക്കാലം ഇന്ധനവിലയിൽ മാറ്റം വരുത്തിയില്ല.
56 രൂപയ്ക്ക് പെട്രോൾ ലഭിക്കണം; പക്ഷേ..
2022 ജൂണിൽ എണ്ണവില ബാരലിന് 116 ഡോളറായി ഉയർന്നു. എന്നാൽ അന്നുമുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരി വില 67.9 ഡോളറായി കുറഞ്ഞു (41.5% കുറവ്). ഇതേ കാലയളവിൽ ഇന്ത്യയിലെ പെട്രോൾ വില, ഡൽഹിയിലെ കണക്ക് പ്രകാരം ലിറ്ററിന് 96.7 രൂപയിൽ നിന്ന് 94.8 രൂപയായി മാത്രമാണ് കുറഞ്ഞത്—അതായത് വെറും 1.9 ശതമാനം കുറവ്. അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായ കുറവ് വരികയാണെങ്കിൽ, ഇന്ത്യയിൽ 2022 ജൂണിലെ പെട്രോൾ വിലയായ ലിറ്ററിന് 96.7 രൂപയ്ക്ക് ഇതേ 41.5% കുറവ് വരുത്തിയാൽ, പെട്രോൾ വില ഏകദേശം 56.50 രൂപയിലേക്ക് (ഡൽഹിയിലെ കണക്ക് പ്രകാരം) താഴേണ്ടതായിരുന്നു.
2022 ജൂണിന് ശേഷമുണ്ടായ 1.9 ശതമാനം വിലക്കുറവ് പോലും എണ്ണകമ്പനികൾ വില കുറച്ചതുകൊണ്ടല്ല, മറിച്ച് നികുതി കുറച്ചതുകൊണ്ടാണ് സംഭവിച്ചത്. 2024 മാർച്ച് പകുതിയോടെ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 2 രൂപ കുറച്ചതോടെയാണ് വില 96.7 രൂപയിൽ നിന്ന് 94.7 രൂപയിൽ (ഡൽഹിയിലെ കണക്ക് പ്രകാരം) എത്തിയത്. പിന്നീട് ഇത് നേരിയ തോതിൽ വർധിച്ച് 94.8 രൂപയായി.
എണ്ണക്കമ്പനികളുടെ കോൺഗ്രസ്- ബിജെപി സർക്കാരുകൾ
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുമ്പോൾ അതിന്റെ ഭാരം ചുമക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക്, വില കുറയുമ്പോഴുള്ള ആനുകൂല്യം ലഭിക്കുന്നേയില്ല. ഇന്ധനവിലയുടെ നിയന്ത്രണം എടുത്തുമാറ്റവെ, യുപിഎ - എൻഡിഎ സർക്കാരുകൾ ഉയർത്തിയ വാദങ്ങൾ പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി. മൻമോഹൻ സിങ് നേതൃത്വം നൽകിയ രണ്ടാം യുപി.എ സർക്കാരാണ് 2010 ജൂണിൽ പെട്രോൾ വില നിയന്ത്രണം നീക്കിയത്. തുടർന്ന് വന്ന ഒന്നാം നരേന്ദ്രമോദി സർക്കാർ 2014 ഒക്ടോബറിൽ ഡീസൽ വില നിയന്ത്രണം കൂടി നീക്കി. ഇതോടെ രാജ്യത്തെ പ്രധാന ഇന്ധനങ്ങളുടെയെല്ലാം വില നിശ്ചയിക്കാനുള്ള പൂർണ അധികാരം എണ്ണക്കമ്പനികളുടെ കൈവശമായി.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കുമെന്നാണ് ഇരുസർക്കാരുകളും വിലയനിയന്ത്രണം എടുത്തുകളഞ്ഞപ്പോൾ പറഞ്ഞ ന്യായീകരണം.










0 comments