ad
Deshabhimani

പാകിസ്ഥാനി യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സിആർപിഎഫ്‌ ജവാനെ പിരിച്ചുവിട്ടു

munir ahmed and minal khan

മുനീറും മിനലും. PHOTO: PTI

വെബ് ഡെസ്ക്

Published on May 03, 2025, 09:34 PM | 1 min read

ശ്രീനഗർ: പാകിസ്ഥാനി യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനെ തുടർന്ന്‌ സിആർപിഎഫ്‌ ജവാനെ ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു. സിആർപിഎഫ്‌ 41–ാം ബറ്റാലിയനിലെ മുനീർ അഹമ്മദിനെയാണ്‌ പിരിച്ചുവിട്ടത്‌. മുനീറിന്റെ നടപടി ദേശസുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിഗമനത്തെ തുടർന്നാണ്‌ പിരിച്ചുവിടൽ തീരുമാനം.


യുവതിയുമായുള്ള വിവാഹബന്ധം മറച്ചുവച്ചതിനാലും വിസയുടെ കാലാവധി അവസാനിച്ചിട്ടും യുവതിയെ ഇന്ത്യയിൽ താമസിപ്പിച്ചതിനാലുമാണ്‌ നടപടിയെന്നാണ്‌ സിആർപിഎഫിന്റെ വിശദീകരണം. മുനീറിന്റെ പ്രവർത്തനങ്ങൾ സേവന പെരുമാറ്റച്ചട്ടത്തിൻ മേലുള്ള ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണണിയാണെന്നും സിആർപിഎഫ്‌ പറയുന്നു. ജമ്മു കശ്‌മീർ മേഖലയിൽ നിന്ന്‌ മുനീറിനെ ഭോപാലിലേക്ക്‌ സ്ഥലം മാറ്റി ഒരു ദിവസം കഴിയവെയാണ്‌ സിആർപിഎഫിന്റെ നടപടി.


പാകിസ്ഥാനിലെ സിയാൽകോട്ടിലുള്ള മിനൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ അഹമ്മദ്‌ 2023ൽ തന്നെ സിആർപിഎഫിൽ നിന്ന്‌ അനുമതി തേടിയിരുന്നു. എന്നാൽ സേനയുടെ അനുമതിക്ക്‌ മുന്നേ തന്നെ 2024 മെയ്‌ 24ന്‌ വീഡിയോ കോൾ വഴി ഇരുവരും വിവാഹിതരായി. തുടർന്ന്‌ ഹ്രസ്വകാല വിസയിൽ 2025ലാണ്‌ മിനൽ ഇന്ത്യയിലേക്കെത്തിയത്‌. എന്നാൽ മാർച്ച്‌ 22ന്‌ വിസ കാലാവാധി അവസാനിച്ചിട്ടും രാജ്യത്ത്‌ അവർ തുടരുകയാണ്‌ ചെയ്തത്‌. ദീർഘകാല വിസയ്ക്കായി നേരത്തെ അപേക്ഷ നൽകിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മിനൽ ഹാജരായിരുന്നുവെന്നും അവരുടെ അഭിഭാഷകൻ അങ്കുഷ്‌ ശർമ പറഞ്ഞു.


26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന്‌ ശേഷം ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരൻമാരെ തിരിച്ചയക്കണമെന്ന തീരുമാനം രാജ്യം എടുത്തിരുന്നു. ഇതിന്‌ ശേഷമാണ്‌ മുനീർ അഹമ്മദിന്റെയും മിനൽ ഖാന്റെയും വിഷയം പുറംലോകമറിഞ്ഞത്‌. എങ്കിലും ജമ്മു കശ്‌മീർ ഹൈക്കോടതി മിനലിനെ പാകിസ്ഥാനിലേക്ക്‌ തിരിച്ചയക്കേണ്ടതില്ല എന്ന്‌ ഏപ്രിൽ 30ന്‌ നിലപാടെടുക്കയും ചെയ്തു. തുടർന്ന്‌ മിനൽ ജമ്മുവിലെ അട്ടാരി അതിർത്തിയിലേക്ക്‌ പോയി. വിസ കാലാവധി അപേക്ഷയിൽ തീരുമാനമാകുന്നതിന്‌ മുൻപേ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായതാണ്‌ മിനലിനും മുനീറിനും തിരിച്ചടിയായത്‌.


തന്നെ കുടുംബത്തോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്നും നിരപരാധികളായ മനുഷ്യരെ ക്രൂരമായി വധിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും മിനൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട്‌ ചെയ്തു. ആക്രമണത്തിന്‌ ഉത്തരവാദികളായ ഭീകരരെ ശക്ഷിക്കണമെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home