ഇറാൻ സംഘര്‍ഷത്തിൽ ബിജെപി നിലപാടിനെ വിമര്‍ശിച്ചു, എംപിക്കും മുൻ മേയർക്കും എതിരെ കേസ്

നാഷണൽ കോൺഫറൻസ് എം പി ആഗ സയിദ് റുഹുള്ള മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മട്ടു
ശ്രീനഗർ:നാഷണൽ കോൺഫറൻസ് എം പി ആഗ സയിദ് റുഹുള്ള മെഹ്ദിക്കും മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മട്ടുവിനുമെതിരെ പോലീസ് കേസെടുത്തു.സോഷ്യൽ മീഡിയയിലൂടെ തെറ്റായതും പ്രകോപനപരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.ചൊവ്വാഴ്ച ശ്രീനഗർ പോലീസാണ് കേസ് ചുമത്തിയത്.
ഇറാൻ വിഷയത്തിൽ ബിജെപി സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു.ഇതിന് പിന്നാലെ രണ്ടു പേരുടെയും സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും സുരക്ഷാ ക്രമീകരണങ്ങളിൽ കുറവ് വരുത്തുകയും ചെയ്തു. ഇക്കാര്യം വ്യക്തമാക്കി മെഹ്ദിയും മട്ടുവും വീണ്ടും എക്സ് പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റുകൾ പങ്കുവെച്ചു. ഇതിന് പ്രതികാരമായാണ് കേസ് ചുമത്തിയതെന്ന് ഇരുവരും പറഞ്ഞു.
ഭീതി പടർത്തുക,ക്രമസമാധാനം തകർക്കുക,നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാജരേഖകളും തെറ്റായ വാർത്തകളും പ്രചരിപ്പിച്ചു എന്നാണ് പോലീസ് ചുമത്തിയ കുറ്റം.ഭാരതീയ ന്യായ സംഹിതയിലെ (BNS)സെക്ഷൻ 197(1)(d), 353(1)(b)പ്രകാരം ശ്രീനഗർ സൈബർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്റെ സുരക്ഷ പിൻവലിക്കുന്നത് വഴി ശബ്ദം ഇല്ലാതാക്കാമെന്ന് ഭരണകൂടം കരുതുന്നത് പരിഹാസ്യമാണെന്ന് ആഗ സയിദ് റുഹുള്ള മെഹ്ദി പ്രതികരിച്ചു.ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ അവസാന തുള്ളി രക്തം വരെ പോരാടുമെന്നും വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ വിഷയത്തിലുള്ള തന്റെ നിലപാടുകൾ കാരണമാണ് സുരക്ഷ പിൻവലിച്ചതെന്ന് ജുനൈദ് അസിം മട്ടു ആവര്‍ത്തിച്ചു.അയത്തുള്ള അലി ഖമേനേയിയുടെ വധത്തിൽ ബി ജെ പി സർക്കാരിന്റെ മൗനത്തെ വിമർശിച്ചതിനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments