print edition എസ്‌ഐആർ ഉപേക്ഷിക്കണം; തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകി സിപിഐ എം

ന്യൂഡൽഹി: വോട്ടർമാർക്കെതിരായ യുദ്ധമായി മാറിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനാ നടപടി (എസ്‌ഐആർ) ഉപേക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. വോട്ടർപ്പട്ടികയുടെ കാലോചിതമായ പരിഷ്‌കാരം ആവശ്യമായ ഒന്നാണെന്നും എന്നാലത് സുതാര്യവും പൗരസൗഹാർദപരവുമാകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ പറഞ്ഞു. നിലവിലെ എസ്‌ഐആർ ഇതിൽനിന്ന് വ്യത്യസ്‌തമായി കൂട്ടക്കുഴപ്പങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. വോട്ടർമാരെ പട്ടികയിൽനിന്ന് കൂട്ടമായി ഒഴിവാക്കുന്ന ഏകപക്ഷീയ നടപടിയായി മാറുന്നു. ഇത് വോട്ടവകാശമെന്ന മൗലികാവകാശത്തിന് തന്നെ ഭീഷണിയാണ്.
അപ്രായോഗികമായ സമയഘടന
സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബൃഹത്തായ എസ്‌ഐആർ നടപടിയിലേക്ക് കടന്നത്. വളരെ കുറഞ്ഞ സമയപരിധി വലിയതോതിൽ പിശകുകൾ സംഭവിക്കുന്നതിനും വോട്ടർമാർ കൂട്ടമായി പുറത്താക്കപ്പെടുന്നതിനും വഴിയൊരുക്കും. സമ്മർദം താങ്ങാനാവാതെ നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്‌തു. പട്ടികയിൽ തുടരാൻ യോഗ്യത തെളിയിക്കേണ്ട വോട്ടർമാരുടെ ബാധ്യതയാക്കി. ഒട്ടനവധി വോട്ടർമാരും ജീവനൊടുക്കി. രാഷ്ട്രീയ പാർടികളുമായി കൂടിയാലോചന നടത്താതെയാണ് എസ്‌ഐആർ പ്രഖ്യാപിച്ചത്.
ബിഹാറിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലും എസ്‌ഐആർ നടപ്പാക്കലിൽ വലിയ കൂട്ടപ്പുറത്താക്കൽ സംഭവിക്കുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും സ്‌ത്രീകളുമാണ് കൂടുതലും അനീതിക്ക് ഇരയായത്. ബിഹാറിലേത് പോലെ മറ്റ് സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറയുകയാണ്. ദേശീയ പൗരത്വ രജിസ്‌ട്രേഷൻ പ്രക്രിയ്‌ക്ക് സമാനമായിരിക്കും എസ്‌ഐആർ പ്രക്രിയയെന്ന ആശങ്ക ഇപ്പോൾ ശരിവയ്‌ക്കപ്പെടുകയാണ്.
അസമിലെ കരിംഗഞ്ച് ജില്ലയിലും മറ്റും ഫോം 7 ദുരുപയോഗം വ്യാപകമാണ്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് കൂടുതലായും അവഹേളിക്കപ്പെടുന്നത്. കേരളത്തിൽ തെറ്റായി പുറത്താക്കപ്പെട്ടവർപോലും ഫോം 6 നൽകി പുതിയ വോട്ടറായി രജിസ്‌റ്റർ ചെയ്യേണ്ട സ്ഥിതിയാണ്. തമിഴ്‌നാട്ടിൽ ഒരു കോടിയോളംപേർ കരടുപട്ടികയിൽനിന്ന് പുറത്തായി. ബംഗാളിൽ മോശം സോഫ്‌റ്റ്‌വെയറും ബിഎൽഒമാരുടെ അമിതാധികാരപ്രയോഗവും ഒന്നര കോടിയോളംപേരെ പുറത്താക്കൽ ഭീഷണിയിലാക്കി.
എസ്‌ഐആറിന്റെ മറവിൽ പൗരത്വനിർണയമാണ് നടക്കുന്നത്. പൗരത്വം നിർണയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനില്ല. പരമാവധിപ്പേരെ പട്ടികയിൽനിന്ന് നീക്കുംവിധമാണ് എസ്‌ഐആറിന്റെ രൂപകൽപ്പന. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ്. വോട്ടവകാശത്തിന്റെ സാർവത്രികതയ്‌ക്കും തുല്യതയ്‌ക്കും ഭീഷണിയാകുന്ന ഏതൊരു പ്രക്രിയയും അടിയന്തരമായി അവസാനിപ്പിക്കുകയും ഗൗരവത്തിൽ പുനഃപരിശോധിക്കുകയുംവേണം– ബേബി കത്തിൽ ആവശ്യപ്പെട്ടു.










0 comments