ad
Deshabhimani

തെരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും; തിരുത്തൽ നടപടികൾ കൈക്കൊള്ളും: എം എ ബേബി

m a baby
വെബ് ഡെസ്ക്

Published on May 11, 2026, 05:29 PM | 2 min read

ന്യൂഡൽഹി: കേരളം, അസം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി- എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പാർടി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോ​ഗത്തിന് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാർടി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. തിരിച്ചടിക്ക് കാരണമായ പോരായ്മകൾ തിരിച്ചറിയുന്നതിനായി വരും ദിവസങ്ങളിൽ ആഴത്തിലുള്ള അവലോകനം നടത്തും. എല്ലാ പാർടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. പാർടിയെ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ തിരുത്തൽ നടപടികളും നവീകരണവും നടപ്പിലാക്കുമെന്നും എം എ ബേബി പറഞ്ഞു.


പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു. ആദ്യമായി മൂന്ന് സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചു എന്നത് ഗുരുതരമായ വെല്ലുവിളിയാണ്. സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും നുണപ്രചരണങ്ങൾ നടത്തുന്നതുമായ കോൺഗ്രസിന്റെ നിലപാടുകളും, വർഗീയ ശക്തികളോടുള്ള അവരുടെ മൃദുസമീപനവും കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.


തിരിച്ചടി നേരിട്ടെങ്കിലും, 37.6 ശതമാനം വോട്ട് വിഹിതം നേടാൻ എൽഡിഎഫിന് സാധിച്ചു എന്നത് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെ തെളിയിക്കുന്നതാണ്. സംസ്ഥാനത്തെ വർഗീയ ശക്തികളുടെ വളർച്ചയെ പ്രതിരോധിക്കുന്നതിനും സമൂഹത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കുന്നതിനും പാർടി മുൻപന്തിയിലുണ്ടാകും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും ജനങ്ങളുടെ ഉപജീവനത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തെയും ചെറുക്കുന്നതിനും പാർടി തുടർന്നും പ്രവർത്തിക്കും.


പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും ​ഗൗരവതരാണ്. വർഗീയവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണങ്ങൾ, വൻതോതിൽ പണമൊഴുക്കൽ, കേന്ദ്ര ഏജൻസികളുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയുംദുരുപയോഗം എന്നിവയിലൂടെ നേടിയതാണ് ഈ ഫലം. അഴിമതി നിറഞ്ഞതും സ്വേച്ഛാധിപത്യപരവുമായ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ബിജെപിക്ക് ഗുണകരമായി. അസമിൽ ബിജെപി ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും അധികാരത്തിൽ വന്നതിനൊപ്പം, ഹിന്ദുത്വ-വർഗീയ വലതുപക്ഷ ശക്തികളുടെ ആധിപത്യം ​ഗൗരവമായി ചർച്ചചെയ്യും. പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായി ചേർന്നുള്ള ബിജെപി സഖ്യവും വിജയിച്ചു.


തമിഴ്‌നാട്ടിൽ ഗവർണറുടെ ഓഫീസ് ഉപയോഗപ്പെടുത്തി ബിജെപിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാൻ ശ്രമിച്ചു. ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെയുടെ സർക്കാർ രൂപീകരണം തടയാൻ പരമാവധി ശ്രമിച്ചു. മതേതര- ജനാധിപത്യ- ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനായി സിപിഐ എമ്മും സിപിഐയും വിസികെയും ടിവികെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകാൻ തീരുമാനിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും ടിവിടെ സർക്കാരിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്തില്ല. കേരളത്തിൽതന്നെ അതിൽ തീരുമാനമെടുക്കുമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home