91 പഞ്ചായത്തുകളിൽ സിപിഐ എം വിജയിച്ചു , ഇൗ വിജയം പണാധിപത്യത്തെ എതിരിട്ടുനേടിയത്
print edition തെലങ്കാന വീണ്ടും ചുവന്നുതുടങ്ങി


ആൻസ് ട്രീസ ജോസഫ്
Published on Jan 19, 2026, 02:49 AM | 2 min read
വര്‍ഗീയ ശക്തികളോട് പൊരുതിനേടിയ വിജയത്തിന്റെ തിളക്കത്തിലാണ് തെലങ്കാനയില്‍ സിപിഐ എം. അതിന്റെ ക്രെഡിറ്റ് ജനങ്ങള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജോണ്‍ വെസ്ലെ ‘ദേശാഭിമാനി’യോട് പറഞ്ഞു.
ഇത് ജനങ്ങളുടെ വിജയം
"ഡിസംബറിൽ തെലങ്കാനയിൽനടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 91 ഗ്രാമപഞ്ചായത്തുകളിലാണ് സിപിഐ എം വിജയിച്ചത്. പണവും മദ്യവുമൊഴുക്കി വോട്ട് അട്ടിമറിച്ചിരുന്ന നാട്ടില്‍, പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി സിപിഐ എം ഉയർത്തിയ രാഷ്ട്രീയ ബദലിനെ ജനങ്ങൾ പിന്തുണച്ചു എന്നതിന്റെ തെളിവാണ് ഇൗ വിജയം.
തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് എന്നാല്‍ പണത്തിന്റെ കളിയാണ്. ഒരു പഞ്ചായത്തിന് 12 കോടിയും വാര്‍ഡിന് 25 ലക്ഷവുമാണ് സ്ഥാനാർഥികൾ ചെലവിട്ടിരുന്നത്. വീടുവീടാന്തരം ചിക്കന്‍, മട്ടണ്‍, മദ്യം, ബിരിയാണി എന്നിവയൊക്കെ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കും. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും.
അവിടെയാണ് പ്രാദേശിക ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സിപിഐ എം പ്രചാരണം നടത്തിയത്. മാലിന്യസംസ്കരണം, കുടിവെള്ളം, വൈദ്യുതി എന്നിങ്ങനെ അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാനും അത് നിങ്ങളുടെ അവകാശമാണെന്ന് ജനങ്ങളെ ബോധവൽക്കരിക്കാനും കഴിഞ്ഞു. സിപിഐ എം തങ്ങൾക്കൊപ്പമുണ്ട് എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് വിജയത്തിന് കാരണം.
തെരഞ്ഞെടുപ്പിനിടെ മൂന്ന് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി. പ്രചാരണങ്ങളിലെ സിപിഐ എം മുന്നേറ്റമാണ് അവരുടെ പ്രകോപനത്തിന് കാരണം. ഖമ്മത്തെ മുന്‍ സര്‍പഞ്ചും പ്രമുഖ നേതാവുമായിരുന്ന സമിനേനി രാമറാവുവിനെ കൊലപ്പെടുത്തിയതും ഇതേ ഭയത്തിലാണ്. സിപിഐ എമ്മിനെ തോൽപിക്കാൻ കോണ്‍ഗ്രസും ബിജെപിയും ബിആര്‍എസും ഒരുമിച്ച് പ്രചാരണം നടത്തിയിട്ടും ജനങ്ങൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നു.
കേന്ദ്രനയങ്ങൾക്കെതിരായ പോരാട്ടം തുടരും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചതിനെതിരെ തെലങ്കാനയിൽ സിപിഐ എം പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര തൊഴില്‍വിരുദ്ധ നയത്തിന്റെ തുടര്‍ച്ചയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി ആർഎഎംജി പദ്ധതി. നിലവിലുള്ള തൊഴിൽദിനങ്ങൾപോലും ലഭിക്കുമെന്ന് ഉറപ്പില്ലാതിരിക്കുമ്പോഴാണ് 125 ദിവസം തൊഴിൽ ലഭിക്കുമെന്ന് പറയുന്നത്. ഇത് ജനങ്ങളെ വഞ്ചിക്കലാണ്. തെലങ്കാനയില്‍ 60 തൊഴില്‍ദിനം മാത്രമാണ് ഇപ്പോൾ തൊഴിലുറപ്പുതൊഴിലാളികൾക്ക് ലഭിക്കുന്നത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും നല്‍കണമെന്നാണ് പുതിയ നിയമം. 40 ശതമാനം അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനത്തിന് ബാധ്യതയാകും. എന്നാൽ തെലങ്കാന സർക്കാർ അതിനെതിരെ പ്രതികരിക്കുന്നതേയില്ല.










0 comments