സിഐടിയു നേതാക്കളെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്; കളക്ടറുടെ വസതിക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ച് സിപിഐ എം നേതാക്കള്‍

കളക്ടറുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സിപിഐ എം നേതാക്കള്‍
നോയിഡ: സിഐടിയു നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത യുപി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം. ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് സിപിഐ എം നേതാക്കള്‍. നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ സിഐടിയു നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറാകാത്തതിനെത്തുടർന്നാണ് പ്രതിഷേധം.
പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തില്‍ പിബി അംഗം ആർ അരുൺ കുമാർ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവരടങ്ങുന്ന സംഘമാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
കളക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് പൊലീസുകാർ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നേതാക്കളെക്കുറിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരമൊന്നും നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. വിഷയത്തിൽ ഇടപെടണമെന്ന നേതാക്കളുടെ ആവശ്യം തള്ളിയ ജില്ലാ കളക്ടർ ഇതുവരെ പ്രതിനിധി സംഘത്തെ കാണാൻ തയ്യാറായിട്ടില്ല.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അമ്രാറാം, ആർ അരുൺ കുമാർ, എ എ റഹീം എംപി, വി ശിവദാസൻ എംപി എന്നിവരടങ്ങുന്ന സംഘത്തെ നോയിഡ അതിർത്തിയിൽ വെച്ച് പൊലീസ് തടഞ്ഞത് മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നവർക്ക് ഉത്തർപ്രദേശിൽ പ്രവേശനമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.
എന്നാൽ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ്, പ്രതിനിധി സംഘത്തെ കടത്തിവിട്ടു. തുടർന്ന് കളക്ടറെ കാണാനായി എത്തിയപ്പോഴാണ് സിഐടിയു നേതാക്കളെ പൊലീസ് രഹസ്യമായി കസ്റ്റഡിയിലെടുത്ത് മാറ്റിയ വിവരം പുറത്തറിയുന്നത്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ നോയിഡയിലെ 82 ഫാക്ടറികളിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. സമരക്കാരെ ജയിലിലടച്ചും നേതാക്കളെ വീട്ടുതടങ്കലിലാക്കിയുമാണ് സർക്കാർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.










0 comments